കാർഷിക കോഴ്‌സുകളും അവസരങ്ങളും

Tuesday 27 May 2025 12:00 AM IST

കൃഷി അഗ്രിബിസിനസിലേക്ക് മാറുന്ന കാലമാണിത്. ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യ റീട്ടെയ്ൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകുന്നുണ്ട്. ചെറുകിട കർഷകരെ സഹായിക്കാനായി രൂപീകരിച്ച ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) നയം വന്നതോടെ അഗ്രി ബിസിനസ് മാനേജ്‌മെന്റിനും പ്രസക്തിയേറുന്നു.

രാജ്യത്ത് പ്രതിവർഷം പതിനായിരത്തിലധികം എഫ്.പി.ഒകൾ രൂപപ്പെട്ടു വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉൽപ്പാദനം, സംസ്‌കരണം, ഗുണ നിലവാരം വിലയിരുത്തൽ, മാർക്കറ്റിംഗ്, കയറ്റുമതി എന്നിവയിൽ കാർഷിക ബിരുദധാരികൾക്ക് ഏറെ അവസരങ്ങളുണ്ട്. എഫ്.പി.ഒകൾ വിജയകരമായി പ്രവർത്തിക്കാൻ സി.ഇ.ഒമാർ വേണം. ഇതിലേക്കായി അഗ്രിബിസിനസ് മാനേജ്മന്റ് വിദഗ്ദ്ധരെ ലഭിക്കേണ്ടതുണ്ട്. അഗ്രിബിസിനസിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിക്കാൻ ഇവർക്ക് കഴിയും. എന്നാൽ ഇന്ന് ആവശ്യത്തിന് വിദഗ്ദ്ധരെ ഈ മേഖലയിൽ ലഭിക്കുന്നില്ല.

കാർഷിക മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യകൾ പ്രാവർത്തികമാകുന്ന കാലമാണ് ഇനിയുള്ളത്. ഉത്പാദനവർദ്ധനവ്, മൂല്യ വർദ്ധിത ഉത്പന്ന നിർമാണം, രോഗ നിയന്ത്രണം, വിപണനം എന്നീ മേഖലകളിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വലിയ മുന്നേറ്റമുണ്ടാകുന്നതും ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

തൊഴിലവസരങ്ങൾ

............................................

കാർഷിക മേഖലയിലെ നിർമ്മാതാക്കൾ, സേവന ദാതാക്കൾ, ഫെർട്ടിലൈസർ കമ്പനികൾ, സാങ്കേതികവിദ്യ സേവന ദാതാക്കൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ഡ്രോൺ കമ്പനികൾ, കാർഷിക എൻജിനിയറിംഗ് കമ്പനികൾ, മഹീന്ദ്ര, സഹകരണ സംഘങ്ങൾ, ഇഫ്‌കോ, അമുൽ, ക്ഷീരോത്പാദക യൂണിയനുകൾ, റിലയൻസ്, ബിഗ് ബാസ്‌കറ്റ്, ഐ.ടി.സി തുടങ്ങിയവ കാർഷിക അനുബന്ധ മേഖലയിലെ തൊഴിൽദാതാക്കളാണ്. ബാങ്കിംഗ്, ഇൻഷ്വറൻസ് രംഗത്തും തൊഴിലവസരങ്ങളുണ്ട്. അക്കാഡമിക്, ഗവേഷണം എന്നിവയിൽ അഗ്രിബിസിനസ് വിദഗ്ദ്ധർക്ക് രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. കാർഷിക-വെറ്ററിനറി-ഫിഷറീസ് സർവ്വകലാശാലകൾ, കാർഷിക, സഹകരണ മന്ത്രാലയങ്ങൾ എന്നിവിടങ്ങളിലും അവസരങ്ങളേറെയുണ്ട്.

ഉപരി പഠനം

.............................

ഏത് ബിരുദധാരിക്കും ചേരാവുന്ന നിരവധി ബിരുദാനന്തര കോഴ്‌സുകൾ ഇന്ത്യയിലുണ്ട്. കാർഷിക, വെറ്റിനറി, ഫിഷറീസ് മുതലായവയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ചേരാവുന്ന അഗ്രിബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ മാനേജ്മന്റ്, റൂറൽ മാനേജ്മെന്റ് കോഴ്‌സുകളുണ്ട്. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റൻഷൻ മാനേജ്‌മെന്റിലെ അഗ്രിബിസിനസ്, സപ്ലൈ ചെയിൻ മാനേജ്മന്റ് ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള പ്രാഥമിക യോഗ്യത കാർഷിക, കാർഷിക അനുബന്ധ ബിരുദമാണ്. കേരള കാർഷിക സർവകലാശാലയുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് നടത്തുന്ന അഗ്രിബിസിനസ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്കും ഏത് ബിരുദക്കാർക്കും അപേക്ഷിക്കാം. കാർഷിക, അനുബന്ധ ബിരുദധാരികൾക്ക് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്മന്റ് നടത്തുന്ന റൂറൽ മാനേജ്മെന്റ് പ്രോഗ്രാമിനും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്‌മെന്റ് നടത്തുന്ന റൂറൽ മാനേജ്മന്റ് പ്രോഗ്രാമിനും ചേരാം.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നെറ്റ്/ JRF/SRF പരീക്ഷയെഴുതി കാർഷിക സയന്റിസ്റ്റാകാം.

കാർഷിക കോഴ്‌സുകളിൽ ബി.എസ്‌സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ബി.വി.എസ്.സി & എ.എച്ച്, ബി. ടെക് അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഡെയറി ടെക്‌നോളജി, ബി.എസ്‌സി കോഓപ്പറേഷൻ & ബാങ്കിങ്, ക്ലൈമറ്റോളജി, ബയോടെക്‌നോളജി എന്നിവയെല്ലാം ഉൾപ്പെടുന്നു.

നെതർലാൻഡ്സിലെ ഹാസ്, വാഗെനിങ്കൻ സർവകലാശാലകൾ, ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ, യു.കെയിലെ ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിൽ കാർഷിക ഉപരിപഠനത്തിന് മികച്ച പ്രോഗ്രാമുകളുണ്ട്.