31വരെ ശക്തമായ മഴ, ഇന്നലെ അഞ്ച് മരണം

Tuesday 27 May 2025 12:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മദ്ധ്യ, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദംകൂടി രൂപപ്പെട്ടേയ്ക്കും. നാളെ മഴയ്ക്ക് അല്പം ശമനമുണ്ടാകും. വീണ്ടും ശക്തിപ്പെട്ട് 31വരെ തുടരും. ശക്തമായ കാറ്റിനും സാദ്ധ്യത.

കനത്ത മഴയിൽ ഇന്നലെ അഞ്ചുപേർ മരിച്ചു. ആലപ്പുഴ ബീച്ചിൽ ഇരുമ്പുതട്ടുകട മറിഞ്ഞ് തിരുമല പള്ളാത്തുരുത്തി രതിഭവനിൽ നിത്യാജോഷി (18) മരിച്ചു. മഴ പെയ്തപ്പോൾ, അടച്ചിട്ടിരുന്ന തട്ടുകടയ്ക്കരികിലേക്ക് കയറി നിൽക്കുന്നതിനിടെയാണ് മറിഞ്ഞത്. തൃശൂർ വടക്കാഞ്ചേരിയിൽ കനത്ത മഴയ്ക്കിടെ വീട്ടിലെ ഇരുമ്പ് ഗ്രില്ലിൽനിന്ന് ഷോക്കേറ്റാണ് തെക്കുംകര പുന്നംപറമ്പ് ഉന്നതിയിൽ രേണുക (41) മരിച്ചത്. കുട്ടനാട്ടിൽ ശക്തമായ കാറ്റിൽ കാൽവഴുതി തോട്ടിൽവീണ് ജലഗതാഗതവകുപ്പ് നെടുമുടി ബോട്ട് സ്റ്റേഷനിലെ ഡ്രൈവർ കൈനകരി സ്വദേശി ഓമനക്കുട്ടൻ (54) മരിച്ചു.

പിറവം പാഴൂരിൽ ഞായറാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫിന്റെ (38) മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴയിൽ വീടിന് മുന്നിലെ നടവഴിയിൽ പൊട്ടിവീണ വൈദ്യുതിലൈൻ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് കിഴക്കേക്കര വീട്ടിൽ വെള്ളാനി (80) മരിച്ചു.

പലയിടത്തും റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു- 0471 2518655.

മഴ മുന്നറിയിപ്പ് ഇന്ന്

റെഡ്

കോഴിക്കോട്,വയനാട്,കണ്ണൂ‌ർ‌

ഓറഞ്ച്

തൃശൂർ,മലപ്പുറം,കാസർകോട്

യെല്ലോ

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,

ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,പാലക്കാട്

4 ജില്ലകളിൽ അവധി

കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടി ജീവനക്കാർക്കും ബാധകമല്ല.