മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിശ്വാസമില്ല: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം:സർക്കാർ ശമ്പളപരിഷ്ക്കരണം കൃത്യസമയത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതിൽ വിശ്വാസമില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ് പറഞ്ഞു.
ശമ്പളപരിഷ്ക്കരണത്തിന്റെ കാലാവധി കഴിഞ്ഞ് പതിനാെന്ന് മാസമായിട്ടും കമ്മിഷനെപ്പോലും നിയമിച്ചിട്ടില്ല. കഴിഞ്ഞ ഒൻപത് മാസമായി ഒരു ആനുകൂല്യവും ജീവനക്കാർക്ക് നൽകിയിട്ടില്ല.117മാസത്തെ കുടിശികയടക്കം 18% ഡി.എ നൽകാനുണ്ട്. 6 വർഷത്തെ ലീവ് സറണ്ടർ, മെഡിക്കൽ റീ ഇമ്പേഴ്സ്‌മെന്റ് തുടങ്ങിയവയൊക്കെ നിഷേധിച്ചു.
ജീവനക്കാർക്ക് യഥാസമയം ക്ഷാമബത്തയും ആനുകൂല്യങ്ങളുടെ കുടിശ്ശികയും നൽകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ,കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ.മനോജ്കുമാർ,ജനറൽ സെക്രട്ടറി എസ്.പ്രദീപ്കുമാർ,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.കുമാരിഅജിത,ജനറൽ സെക്രട്ടറി എം.എസ്.മോഹനചന്ദ്രൻ,കേരളലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്,ജനറൽ സെക്രട്ടറി വി.എ.ബിനു എന്നിവർ അറിയിച്ചു.