ഹർജികൾ ഇന്ന് പരിഗണിക്കും: ഡിജിറ്റൽ, സാങ്കേതിക വി.സിമാർക്ക് നിർണായകം
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ ആറു മാസ കാലാവധി ഇന്ന് തീരാനിരിക്കെ, ഇരുവരുടെയും നിയമനം സംബന്ധിച്ച ഹർജികൾ ഇന്ന് ഡിവിഷൻ ബഞ്ച് പരിഗണിക്കും.
താത്കാലിക വി.സി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാവണമെന്നും ആറു
മാസം തികയുന്നതിനാൽ ഇരുവരുടെയും കാര്യത്തിൽ ഇടപെടുന്നില്ലെന്നുമാണ് സിംഗിൾ ബഞ്ച് പറഞ്ഞത്. ഇതിനെതിരേ ഗവർണറും സിസാ തോമസും അപ്പീൽ നൽകിയിട്ടുണ്ട്. ഉത്തരവ് പ്രതികൂലമായാൽ ഇരു വി.സിമാർക്കും പുറത്തു പോവേണ്ടി വന്നേക്കാം.
യു.ജി.സി മാനദണ്ഡ പ്രകാരവും സുപ്രീംകോടതി ഉത്തരവു പ്രകാരവും ചാൻസലർക്കാണ് വി.സി നിയമനത്തിന് അധികാരമെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നുമാണ് ഗവർണറുടെ അപ്പീലിലുള്ളത്. വി.സി നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്ന സുപ്രീംകോടതി വിധിയും ചാൻസലർക്ക് സ്വതന്ത്രസ്വഭാവത്തോടെ സ്വന്തം അധികാരമുപയോഗിച്ച് വി.സിമാരെ നിയമിക്കാമെന്നുമുള്ള സുപ്രീംകോടതി ഉത്തരവുകളും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർവകലാശാലാ ചട്ടപ്രകാരമാണ് താത്കാലിക വി.സിക്ക് ആറു മാസ കാലാവധിയുള്ളത്. എന്നാൽ ഗവർണറുടെ നിയമന ഉത്തരവിൽ ഇനിയൊരു ഉത്തരവ് വരെ എന്നാണുള്ളത്.
സർവകലാശാലാ ചട്ട പ്രകാരം അടുത്തുള്ള സർവകലാശാലയുടെ വി.സി, പ്രോ വൈസ്ചാൻസലർ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവരെയാണ് താത്കാലിക വി.സിയായി ശുപാർശ ചെയ്യാനാവുക. എന്നാൽ പി.വി.സി ഇരു സർവകലാശാലകളിലുമില്ല. സുപ്രീംകോടതി ഉത്തരവു പ്രകാരം ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെ ശുപാർശ ചെയ്യാനുമാവില്ല. സ്ഥിരം വി.സി നിയമനത്തിനുള്ള നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്നുള്ള സിംഗിൾബഞ്ച് ഉത്തരവിലും പിശകുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടും.
കൂടൽമാണിക്യം: കഴകം നിയമനം തടഞ്ഞ ഉത്തരവ് നീട്ടി
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം തടഞ്ഞ ഉത്തരവ് ഹൈക്കോടതി ജൂൺ അഞ്ച് വരെ നീട്ടി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തില്ലെന്ന ദേവസ്വത്തിന്റെ ഉറപ്പ് രേഖപ്പെടുത്തി പുറപ്പെടുവിച്ച മുൻ ഉത്തരവാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നീട്ടിയത്. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവച്ച ഒഴിവിൽ രണ്ടാമനായ കെ.എസ്. അനുരാഗിനാണ് നിയമനം നൽകേണ്ടിയിരുന്നത്. ഹർജിയിൽ അനുരാഗിനെ കക്ഷിചേർത്ത കോടതി എതിർസത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു.