പഞ്ചാബിന്റെ പടയോട്ടം
മുംബയ് ഇന്ത്യൻസിനെ കീഴടക്കി പഞ്ചാബ് കിംഗ്സ് ഒന്നാമത്
സൂര്യകുമാർ യാദവിന് അർദ്ധസെഞ്ച്വറി (57 ), മുംബയ് 184/7
പ്രിയാംശിനും(62) ഇൻഗിലിസിനും (73)അർദ്ധസെഞ്ച്വറി , പഞ്ചാബ്
ജയ്പുർ : പ്രാഥമികറൗണ്ടിലെ അവസാന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ വിക്കറ്റിന് തോൽപ്പിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് പഞ്ചാബ് കിംഗ്സ്. ഇന്നലെ ജയ്പുരിൽ നടന്ന മത്സരത്തിൽ മുംബയ് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം ഒൻപത് പന്തുകളും ഏഴ് വിക്കറ്റുകളും അവശേഷിക്കവേയാണ് പഞ്ചാബ് മറികടന്നത്. അർദ്ധസെഞ്ച്വറികൾ നേടിയ ജോഷ് ഇംഗിലിസും(73) പ്രിയാംശ് ആര്യയും (62) ചേർന്നാണ് പഞ്ചാബിന്റെ വിജയത്തിന് അടിത്തറയിട്ടത്.
ചേസിംഗിനിറങ്ങിയ പഞ്ചാബിന് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിനെ (13) അഞ്ചാം ഓവറിൽ നഷ്ടമാകുമ്പോൾ ടീം സ്കോർ 34ലേ എത്തിയിരുന്നുള്ളൂ. എന്നാൽ പ്രിയാംശിന് കൂട്ടായി ഇൻഗിലിസ് എത്തിയതോടെ കളിമാറി. രണ്ടാം വിക്കറ്റിൽ 109 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്.15-ാം ഓവറിന്റെ ആദ്യ പന്തിൽ പ്രിയാംശ് പുറത്താകുമ്പോൾ ടീം സ്കോർ 143/2ലെത്തിയിരുന്നു. തുടർന്നെത്തിയ ക്യാപ്ടൻ ശ്രേയസ് അയ്യർ(26 നോട്ടൗട്ട്) കാലുറപ്പിക്കവേ 18-ാം ഓവറിൽ ഇൻഗിലിസും മടങ്ങി. 35 പന്തുകളിൽ പ്രിയാംശ് 9 ഫോറുകളും രണ്ട് സിക്സുകളും പറത്തിയപ്പോൾ 42 പന്തുകൾ നേരിട്ട ഇൻഗിലിസ് 9 ഫോറുകളും മൂന്ന് സിക്സുകളും പായിച്ചു.19-ാം ഓവറിൽ ബൗൾട്ടിനെ സിക്സടിച്ച് ശ്രേയസാണ് ടീമിനെ വിജയിപ്പിച്ചത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് നേടിയത്. അർദ്ധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് മുംബയ്‌യെ ഈ സ്കോറിലെത്തിച്ചത്. ആദ്യ അഞ്ചോവറിൽ 45 റൺസ് നേടി റയാൻ റിക്കിൾട്ടൺ (27)- രോഹിത് ശർമ്മ (24) സഖ്യം മാന്യമായ തുടക്കമാണ് മുംബയ്‌ക്ക് നൽകിയത്. ആറാം ഓവറിന്റെ ആദ്യപന്തിൽ റിക്കിൾട്ടണിനെ ശ്രേയസ് അയ്യരുടെ കയ്യിലെത്തിച്ച് മാർക്കോ യാൻസനാണ് മുംബയ്‌ക്ക് ആദ്യപ്രഹരം നൽകിയത്. തുടർന്ന് സൂര്യകുമാർ കളത്തിലേക്കിറങ്ങി. പത്താം ഓവറിൽ ഹർപ്രീത് ബ്രാർ രോഹിതിനെയും മടക്കി അയച്ചു.അപ്പോഴേക്കും മുംബയ് 81 റൺസിലെത്തിയിരുന്നു. തുടർന്ന് ഒരറ്റത്ത് സൂര്യ സ്കോർ ഉയർത്തവേ മറ്റേ അറ്റത്ത് തിലക് വർമ്മ(1), വിൽ ജാക്സ് (17), ഹാർദിക് പാണ്ഡ്യ (26) എന്നിവർ പുറത്തായി. ഇതോടെ മുംബയ് 16.2 ഓവറിൽ 150/5ലെത്തി. തുടർന്ന് സൂര്യയും നമാൻ ധിറും (20) ചേർന്ന് മുന്നോട്ടുനീങ്ങി. അവസാന ഓവറിൽ അർഷ്ദീപ് സിംഗാണ് സൂര്യയേയും നമാനെയും പുറത്താക്കിയത്.39 പന്തുകൾ നേരിട്ട സൂര്യകുമാർ ആറ് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പടെയാണ് 57 റൺസ് നേടിയത്.
5 സൂര്യകുമാർ യാദവിന്റെ സീസണിലെ അഞ്ചാമത്തെ അർദ്ധസെഞ്ച്വറിയാണിത്.
പഞ്ചാബ് ക്വാളിഫയറിലേക്ക്
പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കിയതിനാൽ പഞ്ചാബ് പ്ളേ ഓഫിലെ ആദ്യ ക്വാളിഫയറിൽ മത്സരിക്കും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലാണ് ആദ്യ ക്വാളിഫയർ. ഇതിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിൽ. തോൽക്കുന്നവർ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്ററിലെ ജേതാവിനെ രണ്ടാം ക്വാളിഫയറിൽ നേരിടും. ഇന്ന് നടക്കുന്ന മത്സരത്തിൽ മികച്ച മാർജിനിൽ ലക്നൗവിനെ തോൽപ്പിക്കാനായാൽ ആർ.സി.ബിക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.
ഇന്ന് പ്രാഥമിക റൗണ്ടിലെ അവസാന മത്സരം
ലക്നൗ Vs ആർ.സി.ബി, 7.30 pm മുതൽ