പാർട്ടിക്ക് തിരിച്ചടിയായി കരുവന്നൂർ കുറ്റപത്രം

Tuesday 27 May 2025 12:11 AM IST

തൃശൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, പാർട്ടിയിലെ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി കുറ്റപ്പത്രം സമർപ്പിച്ചത് സി.പി.എമ്മിന് തിരിച്ചടിയാകും. പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ.രാധാകൃഷ്ണൻ എം.പി, എ.സി.മൊയ്തീൻ എം.എൽ.എ, എം.എം.വർഗീസ് എന്നിവരെയും പ്രതി ചേർത്തതാണ് കുറ്റപത്രം. പാർട്ടി നേതൃത്വത്തിന് തട്ടിപ്പ് സംബന്ധിച്ച വ്യക്തമായ അറിവുണ്ടായിരുന്നെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി പാർട്ടി മുൻ ജില്ലാ സെക്രട്ടറിമാരെ ചോദ്യം ചെയ്തപ്പോൾ പ്രതിഷേധവുമായി പാർട്ടി രംഗത്തെത്തിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മൂന്ന് പാർട്ടി മുൻ ജില്ലാ സെക്രട്ടറിമാരും സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിച്ചിട്ടും പാർട്ടി നടപടി സ്വീകരിച്ചില്ലെന്നൂം

ആക്ഷേപമുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പാർട്ടിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിലും വൻ തിരിച്ചടി നൽകിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നേതാക്കൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം പ്രതികളായെങ്കിലും സി.പി.എം നേതാവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ കുറ്റപത്രത്തിൽ നിന്ന് ഒഴിവായത് ചെറിയ ആശ്വാസമായി. കണ്ണനെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കണ്ണൻ പ്രസിഡന്റായ ബാങ്കിൽ ഇ.ഡി. അറസ്റ്റ് ചെയ്ത അരവിന്ദാക്ഷൻ പണം നിക്ഷേപിച്ചത് സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ.