ഷൗക്കത്തിനെ അംഗീകരിക്കില്ല: അൻവർ

Tuesday 27 May 2025 1:12 AM IST

മലപ്പുറം: യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിനോടുള്ള അതൃപ്തി പരസ്യമാക്കി പി.വി.അൻവർ. സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ച ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്ന് അൻവർ തുറന്നടിച്ചു.

രണ്ടു മാസം മുമ്പ് വയനാടിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി ഷൗക്കത്ത് ചർച്ച നടത്തിയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രാദേശിക നേതൃത്വങ്ങൾ ഒന്നാകെ നിലപാടെടുത്തതിനെ തുടർന്നാണ് ഷൗക്കത്ത് ഇതിൽ നിന്ന് പിൻവാങ്ങിയത്. യു.‌ഡി.എഫ് നിർദ്ദേശിക്കുന്ന ഏത് സ്ഥാനാർത്ഥിയേയും പിന്തുണയ്ക്കുമെന്ന് പറഞ്ഞതിന്റെ അർത്ഥം ആർക്കും മത്സരിക്കാമെന്നല്ല. ജയിക്കാൻ ശേഷിയുള്ള,​ ജനങ്ങളുമായി ബന്ധമുള്ള സ്ഥാനാർത്ഥിയെയാണ് മത്സരിപ്പിക്കേണ്ടത്. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം നിലമ്പൂരിലെ ജനങ്ങൾ ഏത് തരത്തിലാണ് സ്വീകരിക്കുന്നതെന്ന് രണ്ടു ദിവസം പഠിക്കും. ഇതിനു ശേഷം തുടർനടപടികൾ തീരുമാനിക്കും. തത്ക്കാലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ല.ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരു പ്രതിനിധി ഈ മണ്ഡലത്തിൽ നിന്നും അടുത്ത കാലത്തുണ്ടായിട്ടില്ല. വി.എസ്.ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നുവെന്നും അൻവർ പറഞ്ഞു.