ക്രൈംബ്രാഞ്ച് എങ്ങുമെത്തിയില്ല; നേതാക്കളിലെത്തിയത് ഇ.ഡി

Tuesday 27 May 2025 2:13 AM IST

കൊച്ചി: കരുവന്നൂർ ബാങ്കിനെക്കുറിച്ച് സഹകരണ വകുപ്പ് ആരംഭിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നാലെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഏറ്റെടുക്കുകയായിരുന്നു. സി.പി.എം നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെ രാഷ്ട്രീയവിവാദമായി. കുറ്റപത്രം സമർപ്പിച്ചതോടെ കോടതിയിൽ നേരിടുകയാണ് പാർട്ടിയുടെ മുന്നിലെ വഴി.

സി.പി.എമ്മിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളെപ്പറ്റി ആദ്യം പരാതി നൽകിയത് മാനേജരായിരുന്ന എം.വി. സുരേഷാണ്. സി.പി.എം പ്രവർത്തകനായിരുന്ന അദ്ദേഹം 2019 ജനുവരി 16ന് സഹകരണ വകുപ്പിനാണ് പരാതി നൽകിയത്. അന്വേഷിക്കാൻ 28ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2021 ജൂലായ് 24ന് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു.

അതേസമയം, ജൂലായ് 14ന് അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിന്റെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് ജൂലായ് 20ന് ക്രൈംബ്രാഞ്ചിന് വിട്ടു.

ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ഇ.ഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ഇ.ഡിക്കും എം.വി. സുരേഷ് പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്‌ത ഇ.ഡി 2022 ആഗസ്റ്റിൽ ബാങ്കിൽ റെയ്‌ഡ് നടത്തി. സി.പി.എം നേതാക്കളിലേക്കും നീണ്ട അന്വേഷണമാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചതോടെ പൂർത്തിയായത്.

ഇ.ഡിക്ക് മുമ്പേ അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത 16 കേസിൽ ഒന്നിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. ബാങ്കിലെ രേഖകളും മറ്റും ഇ.ഡി പിടിച്ചെടുത്തതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന് ആവശ്യമായ രേഖകൾ ഇ.ഡി കൈമാറിയിരുന്നു.