ഇ.ഡി.നീക്കം ഇടതുപക്ഷത്തെ തകർക്കൽ : കെ.രാധാകൃഷ്ണൻ

Tuesday 27 May 2025 3:14 AM IST

വടക്കാഞ്ചേരി : ഇ.ഡി നടത്തുന്ന നീക്കം ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണെന്ന് കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. വടക്കാഞ്ചേരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആലത്തൂർ എം.പി. കരുവന്നൂർ കേസിൽ തന്നെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ല. ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അറിയാവുന്ന എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ട്. ചോദിച്ച രേഖകൾ കൈമാറി. തീർത്തും സൗഹാർദ്ദപരമായിരുന്നു ചോദ്യം ചെയ്യൽ. ഇതിനുശേഷം തന്നെ പ്രതിയാക്കില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോൾ പ്രതിയാക്കിയത്. ഒട്ടും വേവലാതിയില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. പാർട്ടിയുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിന് അനുസരിച്ചാണ് ഇ.ഡി.യുടെ നീക്കമെന്നും രാധാകൃഷ്ണൻ പറഞ്ഞു.