സ്ഥാനാർത്ഥി നിർണയം ഏകകണ്ഠം: സതീശൻ

Tuesday 27 May 2025 2:14 AM IST

കൊച്ചി: കേരളത്തിലെ നേതാക്കൾ ഏകകണ്ഠമായി നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണ് ആര്യാടൻ ഷൗക്കത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി. അൻവറിനെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നത് എല്ലാവരുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് ഏത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാലും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പിന്തുണയ്‌ക്കുമെന്നും അൻവർ പറഞ്ഞിട്ടുണ്ട്. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിറുത്തുമോയെന്നത് മാദ്ധ്യമങ്ങളുടെ സാങ്കല്പിക ചോദ്യമാണ്. എല്ലാ ഘടകകക്ഷികളുമായും ആലോചിച്ചാണ് ആര്യാടൻ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.

സ്വന്തമായി സ്ഥാനാർത്ഥിയെ നിറുത്തണോയെന്ന് ബി.ജെ.പിയാണ് തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയെ നിറുത്താതിരുന്നാൽ എന്താണ് കാരണമെന്ന് അപ്പോൾ അന്വേഷിക്കാമെന്നും സതീശൻ പറഞ്ഞു.