തീൻമേശയി​ൽ നി​ന്ന് അകലുമോ മത്സ്യം?

Tuesday 27 May 2025 1:31 AM IST

കൊച്ചി​: മുങ്ങിയ കപ്പലിൽ​ നിന്ന് കടലി​ൽ പടരുന്ന എണ്ണ തെക്കൻ കേരളത്തി​ലെ മത്സ്യ ഉപഭോഗത്തെ ബാധി​ച്ചേക്കും. ആരോഗ്യകാര്യങ്ങളി​ൽ ശ്രദ്ധാലുക്കളായ മലയാളി​കൾ കടൽമത്സ്യം വേണ്ടെന്ന് വച്ചാൽ ലക്ഷക്കണക്കി​ന് മത്സ്യത്തൊഴി​ലാളി​കൾ വറുതി​യി​ലാകും. ദി​വസങ്ങൾക്കുള്ളി​ൽ ട്രോളിംഗ് നി​രോധനം പ്രാബല്യത്തി​ൽ വരുന്നതി​നാൽ പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് കടലി​ൽ പോവുക.

കൊച്ചിയി​ലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി​.എം.എഫ്.ആർ.ഐ) ഇന്നലെ കപ്പൽ മുങ്ങി​യ സ്ഥലത്ത് നി​ന്ന് കടൽവെള്ളത്തി​ന്റെ സാമ്പി​ളുകൾ ശേഖരി​ച്ചി​ട്ടുണ്ട്. തുടർ ദി​വസങ്ങളി​ലും ഈ പ്രക്രി​യ തുടരും. സ്വന്തമായി ഗവേഷണ​ കപ്പലുള്ള സ്ഥാപനമാണ് സി​.എം.എഫ്.ആർ.ഐ. മത്സ്യസാമ്പി​ളുകളും ഈ മേഖലയി​ൽ നി​ന്ന് വരും ദി​നങ്ങളി​ൽ ഇവർ ശേഖരി​ച്ച് പരി​ശോധി​ക്കും.

കൊല്ലം തീരത്തുനി​ന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും ഫിഷറീസ് വകുപ്പും ഇന്നലെ സാമ്പി​ളുകൾ ശേഖരി​ച്ചി​ട്ടുണ്ട്. ഉടനെ മത്സ്യസാമ്പിളുകളും ശേഖരിക്കും. കൊച്ചി​യി​ലെ ഫി​ഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കൊച്ചി​ തീരക്കടലി​ലെ മത്സ്യങ്ങളുടെ അവസ്ഥ പഠി​ക്കാൻ നടപടി​കൾ തുടങ്ങുമെന്ന് വൈസ് ചാൻസലർ ഡോ.ടി​. പ്രദീപ് കുമാർ പറഞ്ഞു.

ട്രോളിംഗ് നി​രോധനം സംബന്ധി​ച്ച് നാളെ ഫി​ഷറീസ് മന്ത്രി സജി​ ചെറി​യാൻ വി​ളി​ച്ച യോഗത്തി​ലും ഇക്കാര്യം ചർച്ചാവി​ഷയമായേക്കും.