നൂറ്റാണ്ടുകൾക്കു മുമ്പുള്ള യാനങ്ങൾ മുതൽ അത്യാധുനിക കപ്പലുകൾ വരെ, കടലിൽ മുങ്ങിയത് 2.5 ലക്ഷം കപ്പലുകൾ
കൊച്ചി: നൂറ്റാണ്ടുകൾക്കു മുമ്പുള്ള യാനങ്ങൾ മുതൽ അത്യാധുനിക കപ്പലുകൾ വരെ.. കടലിന്റെ ആഴങ്ങളിൽ മറഞ്ഞത് ലോകത്താകെ രണ്ടര ലക്ഷത്തിലധികം കപ്പലുകൾ. അമൂല്യനിധികൾ മുതൽ മിസൈലുകൾ വരെ കപ്പലുകൾക്കൊപ്പം കടലിൽ ആണ്ടുപോയിട്ടുണ്ട്. മിക്കതും വീണ്ടെടുക്കാനായിട്ടില്ല.
ടൈറ്റാനിക് ഉൾപ്പെടെ 1.8 ലക്ഷം കപ്പലുകൾ കിടക്കുന്ന സ്ഥാനം നിർണയിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം 'കൈരളി' അടക്കം അരലക്ഷത്തിലധികം കപ്പലുകൾ കടൽത്തട്ടിൽ എവിടെയെന്നറിയില്ല. ഗ്ലോബൽ മാരിടൈം റെക്ക് ഡാറ്റാബേസ്, റെക്ക്സൈറ്റ് തുടങ്ങിയ ഡാറ്റാ സേവനദാതാക്കളാണ് മുങ്ങിയ കപ്പലുകളുടെ വിവരശേഖരണം നടത്തിയത്. നെതർലൻഡ്സിലെ നിർമ്മാണ പ്രവർത്തനത്തിനിടെ ലഭിച്ച 10,000 വർഷം പ്രായമുള്ള മരക്കപ്പലാണ് കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയത്.
അതേസമയം, മനുഷ്യൻ ജലയാത്ര തുടങ്ങിയ കാലംമുതൽ 30 ലക്ഷം യാനങ്ങളെങ്കിലും മുങ്ങിയിട്ടുണ്ടാകുമെന്നാണ് യുനെസ്കോയുടെ നിഗമനം. ഡോക്യുമെന്റേഷൻ പൂർത്തിയായതു മാത്രമാണ് കണക്കുകളിലുള്ളത്.
ഏറ്റവും ആഴത്തിൽ
യുദ്ധക്കപ്പൽ
കപ്പലുകളുടെ കൂട്ടനാശമുണ്ടായത് രണ്ടാം ലോക മഹായുദ്ധകാലത്ത്. 15,000 കപ്പലുകൾ (മുങ്ങിക്കപ്പലുകളടക്കം) പസഫിക്കിലും അറ്റ്‌ലാന്റിക്കിലും തകർന്നു താഴ്ന്നു. 1944ൽ തകർന്ന യു.എസ്.എസ് ജോൺസ്റ്റൺ എന്ന യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഏറ്റവും ആഴത്തിലുള്ളതെന്ന് കണക്കാക്കുന്നു. ഫിലിപ്പീൻ ട്രഞ്ചിൽ 6 കിലോമീറ്റർ ആഴത്തിലാണ് ഇത് കിടക്കുന്നത്.
കപ്പൽച്ചാലിൽ
തടസമുണ്ടാക്കും
കടൽത്തട്ടിൽ അടിഞ്ഞ കപ്പലുകൾ നാവിഗേഷൻ ചാനലിൽ തടസങ്ങൾക്കും അപകടങ്ങൾക്കും കാരണമായേക്കാം. പ്രത്യേകിച്ച് സ്ഥാനം നിർണയിക്കാതെ കിടക്കുന്നവ
കേരള തീരത്ത് കഴിഞ്ഞ ദിവസം മുങ്ങിയ കപ്പൽ വിഴിഞ്ഞം-കൊച്ചി കപ്പൽച്ചാലിൽ തടസമുണ്ടാക്കില്ലെന്ന് നിഗമനം. ഈ ഭാഗത്ത് കടലിന് 200- 300 മീറ്റർ ആഴമുള്ളതാണ് കാരണം.
20-35%
മുങ്ങിയ കപ്പലുകൾ
വീണ്ടെടുക്കാനുള്ള സാദ്ധ്യത