കടൽ മലി​നീകരണം: എം.എസ്.സി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ്

Tuesday 27 May 2025 1:46 AM IST

കൊച്ചി: കൊച്ചിയിൽ മുങ്ങിയ എം.എസ്.സി. എൽസ 3 കപ്പലിന്റെ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (എം.എസ്.സി) കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മെർക്കന്റൈൽ മറൈൻ വകുപ്പ് മലിനീകരണ ബാദ്ധ്യതാ മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്നുള്ള എണ്ണയും മറ്റും കടലിൽ പരക്കുന്ന സാഹചര്യത്തിലാണിത്.

ഇതി​നു പി​ന്നാലെ, കടലിൽ ഒഴുകുന്ന കണ്ടെയ്നറുകൾ ശേഖരിക്കാനും എണ്ണപ്പാടകൾ നീക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും അമേരിക്ക ആസ്ഥാനമായ ടി ആൻഡ് ടി കമ്പനിയെ എം.എസ്.സി ചുമതലപ്പെടുത്തി. സിംഗപ്പൂരിലാണ് ഇവരുടെ ഏഷ്യൻ മേഖലാ ഓഫീസ്. മുങ്ങിയ കപ്പലുകൾ ഉയർത്തിയെടുക്കുന്നതി​ൽ പ്രശസ്തമാണ് ഈ കമ്പനി​.

കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ്

കടലോരത്ത് എത്തുന്ന എണ്ണപ്പാട നീക്കം ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങണമെന്ന് സംസ്ഥാന സർക്കാരിനെ ഇന്ത്യൻ തീരസംരക്ഷണ സേന ഇന്നലെ അറിയിച്ചു. തീരത്ത് അടിയുന്ന ചരക്കുകളോ കപ്പൽ അവശിഷ്ടങ്ങളോ എടുക്കാനോ കൈകാര്യം ചെയ്യാനോ ശ്രമിക്കരുതെന്ന് തദ്ദേശവാസികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും സേന നിർദ്ദേശിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി.