പ്രകൃതിദുരന്തങ്ങളിൽ അഭയമൊരുക്കാൻ പള്ളിപ്പുറത്ത് സൈക്ലോൺ ഷെൽട്ടർ

Tuesday 27 May 2025 3:31 PM IST

പള്ളിപ്പുറം: പ്രകൃതിദുരന്തങ്ങളിൽ അഭയം നൽകാനായി പള്ളിപ്പുറത്ത് സൈക്ലോൺ ഷെൽട്ടർ ഒരുങ്ങി. ജില്ലയിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് അഭയകേന്ദ്രം.

പള്ളിപ്പുറം വില്ലേജിന്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിലാണ് ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്. അഞ്ച് കോടി 17 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളിലായാണ് നിർമ്മാണം. ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങളിൽ ജനങ്ങൾക്ക് കഴിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

ഒരോ നിലയിലും ഹാൾ, ശുചിമുറി, സിക്ക് റൂം എന്നിവയുണ്ട്. താഴത്തെ നിലയിൽ അടുക്കള, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും സെപ്റ്റിക്ക് ടാങ്കും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്. ദേശീയ ചുഴലിക്കാറ്റ് അപകടസാദ്ധ്യത ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ അഭയകേന്ദ്രം ഒരുക്കിയത്.

പദ്ധതിയും പ്രാധാന്യവും കേരളത്തിലെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടസാദ്ധ്യത കുറയ്ക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് ദേശീയ ചുഴലിക്കാറ്റ് അപകടസാദ്ധ്യത ലഘൂകരണ പദ്ധതി. കേന്ദ്ര സർക്കാരിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ലോക ബാങ്കിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഒമ്പത് തീരദേശ ജില്ലകളിലായി 16 അഭയകേന്ദ്രങ്ങൾ ഉണ്ടാകും.

പള്ളിപ്പുറത്തിന്റെ പ്രാധാന്യം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടും മുനമ്പം അഴിയോടും ചേർന്നുകിടക്കുന്ന പ്രദേശമാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും പ്രധാന തൊഴിൽ മത്സ്യബന്ധനവും സംസ്‌കരണവും വിപണനവുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങൾ പ്രദേശത്തെ കാര്യമായി ബാധിച്ചിരുന്നു. ഓഖിയും വെള്ളപ്പൊക്കവും വന്നപ്പോൾ ശാശ്വതമായ അഭയകേന്ദ്രമില്ലാതെ ബുദ്ധിമുട്ടിലായി. ഇപ്പോഴത്തെ കടൽക്ഷോഭം അനിയന്ത്രിതമായാൽ കടപ്പുറം നിവാസികളെ ഈ അഭയകേന്ദ്രത്തിലേക്ക് മാറ്റാനാകും. പ്രകൃതിക്ഷോഭമില്ലാത്ത കാലത്തും ഈ കേന്ദ്രം ജനങ്ങൾക്കേറെ ഉപകാരപ്രദമാണ്. നാട്ടിലെ വിവാഹം, വിരുന്ന് പോലുള്ള പരിപാടികളും മറ്റ് പൊതുപരിപാടികളും ഇവിടെ നടത്താനാകും. സർക്കാർ ആവശ്യങ്ങൾക്കായി പുറത്തുനിന്ന് എത്തുന്ന ഉദ്യോഗസ്ഥർക്കും ഈ കേന്ദ്രം ഉപയോഗിക്കാം.

 നിർമ്മാണം അഞ്ച് കോടി 17 ലക്ഷം രൂപ ചെലവ്