കരുതണം കാറ്റിനെ... കനത്ത കാറ്റിനു കാരണം ചക്രവാതച്ചുഴി

Wednesday 28 May 2025 12:22 AM IST

കൊച്ചി: കാലവർഷക്കാറ്റ് പതിവിലും ശക്തമായി വീശുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ ആയിരക്കണക്കിന് മരങ്ങളാണ് കടപുഴകി വീണത്. പലയിടത്തും കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകളും ഷീറ്റുകളും തകർന്നു വീണു. കാലവർഷക്കെടുതി രൂക്ഷമാക്കുന്ന കാറ്റിനെ കരുതിയിരിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

മൂന്ന് ദിവസം കൂടി കാറ്റ് പ്രശ്‌നമുണ്ടാക്കാമെന്നാണ് മുന്നറിയിപ്പ്. ഗോവയ്ക്ക് വടക്കായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് കനത്ത കാറ്റിന് കാരണം. ബംഗാൾ ഉൾക്കടലിലും സമാനമായൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ കാലവർഷക്കാറ്റ് കൂടുതൽ ശക്തമാകും.

സാധാരണ കാലവർഷത്തിന്റെ തുടക്കത്തിൽ 6070 കിലോമീറ്റർ വേഗതയിലാണ് കാറ്റെങ്കിൽ ഇത്തവണ 8090 കിലോമീറ്റർ വേഗതയിലാണ് വീശുന്നത്. ഉപരിതലത്തിലല്ല, ഭൂമിയിൽ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ ഉയരത്തിലാണ് കാറ്റിന്റെ സ്വാധീനം. കൂടുതൽ നാശം ഇത്തരം കാറ്റുകൾ സൃഷ്ടിക്കും.

 മരംവീഴ്ച രൂക്ഷം ആമ്പല്ലൂർ, കാഞ്ഞിരമറ്റം, കോലഞ്ചേരി, വാരപ്പെട്ടി, വൈപ്പിൻ, ഉദയംപേരൂർ തുടങ്ങി നിരവധി ഇടങ്ങളിൽ ഇന്നലെയും മരങ്ങൾ ഒടിഞ്ഞു വീഴുകയും കടപുഴകുകയും ചെയ്തു. കടയിരിപ്പ്, വലമ്പൂർ, വെമ്പിള്ളി, കുന്നുകുരുടി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. തകർന്ന 51 വീടുകളിൽ ഏറെയും കാറ്റിനെ തുടർന്നായിരുന്നു. പുല്ലേപ്പടി മേൽപ്പാലത്തിന് സമീപവും ആലുവ ചൂർണ്ണിക്കര അമ്പാട്ടുകാവിലും ശക്തമായ കാറ്റിൽ മരങ്ങൾ റെയിൽവേ ട്രാക്കിലേക്ക് കടപുഴകി ഗതാഗതം തടസപ്പെടുത്തിയിരുന്നു.

 കാറ്റും വൈദ്യുതി മുടക്കവും ശക്തമായ കാറ്റ് വീശുന്നതോടെ വൈദ്യുതി ബന്ധവും താറുമാറായി. മരങ്ങൾ ഒടിഞ്ഞ് വൈദ്യുതി ലൈനുകളിൽ വീഴുന്നതും പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ലൈനുകൾ പൊട്ടുന്നതുമെല്ലാം പതിവായി. അങ്കമാലി ഡിവിഷന് കീഴിൽ അങ്കമാലി, കറുകുറ്റി, മൂക്കന്നൂർ, പാറക്കടവ് സെക്ഷനുകളിലും ആലുവ ഡിവിഷന്റെ കീഴിലുള്ള കുന്നുകര, ചെങ്ങമനാട്, കളമശ്ശേരി, അത്താണി തുടങ്ങിയ ഭാഗങ്ങളിലും കാറ്റിൽ മരങ്ങൾ വീണും പോസ്റ്റുകൾ തകർന്നും നാശനഷ്ടങ്ങളുണ്ട്.

മുൻകരുതലുകൾ  ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്.  ചുവരിൽ ചാരി വെച്ചിട്ടുള്ള ഹോർഡിംഗുകൾ, ഷീറ്റുകൾ, ഭാരമുള്ള വസ്തുക്കൾ എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക. സ്‌കൂളുകൾ കാറ്റിനെ കരുതിയിരിക്കണം. മേൽക്കൂരയുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുക.  മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.  ഇരുചക്രവാഹന യാത്രികർ കാറ്റിനെ കരുതിയിരിക്കണം.

മൂന്ന് ദിവസം കൂടി ശക്തമായ കാറ്റുണ്ടാകും. മുൻകരുതൽ കൂടിയേ തീരു. ഡോ.എം.ജി. മനോജ് കുസാറ്റ് റെഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ

കാറ്റിന്റെ വേഗത

സാധാരണ

6070 കിലോമീറ്റർ

ഇത്തവണ 8090 കിലോമീറ്റർ