താളം തെറ്റി ട്രെയിൻ ഗതാഗതം; വന്ദേഭാരത് അടക്കമുള്ള ചില ട്രെയിനുകൾ വെെകും, പുതിയ സമയക്രമം ഇങ്ങനെ

Tuesday 27 May 2025 5:14 PM IST

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് താളം തെറ്റി ട്രെയിൻ ഗതാഗതം. ചില ട്രെയിനുകൾ പുറപ്പെടുന്ന സമയം പുനഃക്രമീകരിച്ചു. വന്ദേഭാരത് അടക്കമുള്ള പല ട്രെയിനുകളും ഒരു മണിക്കൂറിലധികം വെെകിയാണ് ഓടുന്നത്. ചൊവ്വാഴ്ച വെെകീട്ട് 04.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (20632) വെെകിട്ട് 05.10ന് ആയിരിക്കും യാത്ര തിരിക്കുക.

ചൊവ്വാഴ്ച രാത്രി 08.55ന് ചെന്നെെ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നെെ സെൻട്രൽ - ആലപ്പുഴ എക്സ്പ്രസ് (22639) ഒരു മണിക്കൂർ 20 മിനിട്ടും വെെകി രാത്രി 10.15നാകും പുറപ്പെടുകയെന്നും ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. കണ്ണൂർ - ഷൊർണ്ണൂർ പാസഞ്ചർ (06032) ഒന്നര മണിക്കൂർ വെെകിയാണ് ഓടുന്നത്. കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ മൂന്ന് മണിക്കൂർ വെെകിയോടുന്നു. പരശുറാം എക്സ്പ്രസ് (16649) 2.50 മണിക്കൂറാണ് വെെകിയോടുന്നത്.

കോഴിക്കോട് കല്ലായി ഫറോക്ക് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ ഇന്ന് വീണ്ടും മരം വീണതിനെത്തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ തുടർച്ചയായി മൂന്നുദിവസവും മരം വീണു. കണ്ണൂർ സൗത്തിലും മരം വീണു. ട്രാക്കിൽ നിന്ന് മീറ്ററുകൾക്കപ്പുറമുള്ള മരങ്ങൾ റെയിൽവേ ലൈനിന് മുകളിലേയ്ക്ക് വീഴുന്നത് ആശങ്കയുയർത്തുന്നു. ഇടവയ്ക്കും കാപ്പിലിനും ഇടയിലും പാളത്തിൽ തെങ്ങ് വീണു. എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിലേയ്ക്ക് മരം വീണ് നാല് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് ട്രാക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടത് പൂർണമായും പരിഹരിച്ചതായി റെയിൽവേ അറിയിച്ചു.