സൈബർ തട്ടിപ്പുകാർക്ക് ഇടമൊരുക്കുന്നത് നമ്മൾ

Wednesday 28 May 2025 3:04 AM IST

അങ്കിത് അശോകൻ

എസ്.പി,​ സൈബർ ഓപ്പറേഷൻസ്

സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വർദ്ധിക്കുകയാണ്. ഉന്നതോദ്യോഗസ്ഥർ മുതൽ ജഡ്ജിമാർ വരെയുണ്ട് സൈബർ തട്ടിപ്പുകൾക്ക് ഇരകളാകുന്നവരുടെ പട്ടികയിൽ എന്നതാണ് വിചിത്രവും കൗതുകകരവും. ബാങ്കുകളും സർക്കാരും ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച ബോധവത്കരണവും മുന്നറിയിപ്പുകളും നിരന്തരം നല്കുമ്പോഴും,​ 'എന്നെ ചതിക്കുഴിയിൽ വീഴ്ത്തിക്കോളൂ" എന്ന മട്ടിലാണ് ഇരകളുടെ ചെയ്തികൾ! സൈബർ തട്ടിപ്പുകളിൽ വീഴാതിരിക്കാനും,​ അങ്ങനെ സംഭവിച്ചാൽ എന്തൊക്കെ ചെയ്യണമെന്നും സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി അങ്കിത് അശോകൻ വിശദീകരിക്കുന്നു

?​ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് മുഖ്യധാരാ കുറ്റകൃത്യമായി മാറിക്കഴിഞ്ഞോ.

 അതെ. പല രീതിയിലുള്ള തട്ടിപ്പുകളാണ് ന‌ടക്കുന്നത്. അതിൽ പെടാതിരിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഈ വർഷം സംസ്ഥാനത്ത് ഇതു വരെ 172 കോടി രൂപയാണ് സൈബർ തട്ടിപ്പുകളിലൂടെ നഷ്ടമായത്.

?​ എന്നിട്ടും ജനങ്ങൾ ബോധവാന്മാരാകാത്തത്...

 ഓരോരുത്തരുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വച്ചുതന്നെയാണ് മിക്കവാറും സൈബർ തട്ടിപ്പുകൾ നടക്കുന്നത്. അതിലൊന്ന്,​ ഒരു കാര്യത്തിൽ നമ്മളിൽ അത്യാവശ്യബോധം ജനിപ്പിക്കുക എന്നതാണ്. നമ്മുടെ എന്തിന്റെയെങ്കിലും കാലാവധി അവസാനിച്ചുവെന്നോ,​ വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നു എന്നോ മറ്റോ ഉള്ള വ്യാജസന്ദേശങ്ങൾ അയയ്ക്കും. അതിലെ ലിങ്ക് ക്ളിക്ക് ചെയ്യുമ്പോൾത്തന്നെ പണം നഷ്ടമാകും.

ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുന്നതാണ് മറ്റൊരു രീതി. നിങ്ങൾ അയച്ച പാഴ്സലിൽ ലഹരിവസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു,​ അറസ്റ്ര് ഉണ്ടാകും,​ ജയിലിലാകും തുടങ്ങി ഭീഷണികൾ പ്രയോഗിച്ച് പണം അയയ്ക്കാൻ ആവശ്യപ്പെട്ടുള്ള തട്ടിപ്പാണ് ഇത്. തട്ടിപ്പുകാർ അവലംബിക്കുന്ന ഇത്തരം രീതികളെക്കുറിച്ചുള്ള അവബോധക്കുറവും ജാഗ്രതക്കുറവും നമ്മളെ തട്ടിപ്പിന് ഇരകളാക്കും.

?​ ബോധവത്കരണം കാര്യക്ഷമമല്ലെന്നാണോ.

 നമ്മൾ പണമിടപാടുകൾ നടത്തുന്നത് ഇപ്പോൾ കൂടുതലും ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാദ്ധ്യതകൾ ഏറെയാണ്. പത്ര, ദൃശ്യ മാദ്ധ്യമങ്ങൾ വഴി സാദ്ധ്യമായത്ര പ്രചാരണം നല്കുന്നുണ്ട്. പക്ഷേ,​ പലരും ചിന്തിക്കുന്നത് അവ‌ർക്ക് ഇങ്ങനെ സംഭവിക്കുകയില്ല എന്നാണ്. അതുകൊണ്ടുതന്നെ ഇരകളായിക്കഴിഞ്ഞായിരിക്കും അതേക്കുറിച്ച് ചിന്തിക്കുക.

?​ ആ മനോഭാവം മാറണ്ടേ.

 മാറണം. നന്നായി ചിന്തിക്കാതെ ഏതെങ്കിലും ലിങ്കിലും മറ്റും ക്ളിക്ക് ചെയ്യുന്നത് ആളുകൾക്ക് ഒരു ശീലമായി മാറിക്കഴിഞ്ഞു. ഒരു ലിങ്കിൽ ക്ളിക്ക് ചെയ്താൽ എന്താണ് സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല. 'ഒരുവട്ടം ചിന്തിക്കൂ... എന്നിട്ട് ക്ളിക്ക് ചെയ്യൂ" എന്ന് സ്വയം പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്.

? തട്ടിപ്പുകാരുടെ ടാർഗറ്റ് ഏതു തരം ആളുകളാണ്.

​ എല്ലാത്തരം ആളുകളെയും അവർ ടാർഗറ്റ് ചെയ്യും. നമ്മുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമായിരിക്കും ആ വിവരങ്ങൾ വച്ച് അവർ നമ്മളെ ലക്ഷ്യമിടുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് നിയന്ത്രണം വേണം.

?​ സൈബർ കുറ്റകൃത്യത്തിന്റെ രീതികളും അനുദിനം മാറുകയാണല്ലോ.

 അതെ. പുതിയ രീതിയിലുള്ള തട്ടിപ്പാണ് അനുദിനം നടക്കുന്നത്. സൈബർ വിഭാഗം ഒരു വശത്തു നിന്ന് തടയിടുമ്പോൾ തട്ടിപ്പുകാർ പുതിയ രീതി തേടും. ഉദാഹരണത്തിന്,​ ഇപ്പോഴുള്ള പുതിയ രീതി

നിങ്ങളുടെ വാഹനത്തിന് നിയമലംഘനമുണ്ട്, അതിന് പിഴയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സൈറ്റിൽ നിന്നാണെന്നു പറഞ്ഞ് സന്ദേശം വരും. അതിലെ ലിങ്ക് ക്ളിക്ക് ചെയ്ത് ഒ.ടി.പി ടൈപ്പ് ചെയ്താൽ പണം നഷ്ടമാകും.

?​ സൈബർ തട്ടിപ്പ് നടന്നാൽ.

 തട്ടിപ്പ് നടന്നാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ പണം തിരിച്ചു പിടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പക്ഷേ,​ ഈ പറഞ്ഞ സമയത്തിനകം വിളിക്കുന്നവർ കുറവാണ്. ആ സമീപനം മാറണം. തട്ടിപ്പു നടന്നാൽ ഈ നമ്പറിൽ ഒരുമണിക്കൂറിനകം അറിയിക്കണം.

?​ തട്ടിപ്പിൽ വീഴാതിരിക്കാൻ.

 ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കണം. അതിപ്പോൾ ആരും ചെയ്യുന്നില്ല.

?​ എന്താണ് ഡിജിറ്റൽ സുരക്ഷ.

നമ്മുടെ ഡിജിറ്റൽ ഡാറ്റയുടെ സുരക്ഷയാണ് അത്. സ്വകാര്യമായ മുഴുവൻ വിവരങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാരിക്കുക. തട്ടിപ്പുകാർക്ക് നമ്മളിലേക്ക് എത്താൻ ഇത് എളുപ്പമാകും. അക്കൗണ്ടുകൾ ലോക്ക് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. ഇടയ്ക്കിടെ പാസ്‌വേർഡുകൾ മാറ്റുക. ഒ.ടി.പി ഓഥന്റിക്കേഷൻ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ആപ്പുകൾ എടുക്കുമ്പോൾ ഇരട്ട ലെയർ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കുക. തട്ടിപ്പ് ലിങ്കുകളോ മറ്റോ വന്നാൽ സൈബർ പോർട്ടലിൽ കയറി പരിശോധിക്കണം.