രാസലഹരിയുമായി മൂന്നു പേർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ

Tuesday 27 May 2025 7:56 PM IST

കിഴക്കമ്പലം: രാസലഹരിക്കെതിരായി നടപടികൾ കർശനമാക്കിയതിന്റെ ഭാഗമായി പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് രണ്ടു ദിവസങ്ങളിലായി 7 ഗ്രാം എം.ഡി.എം.എ അടക്കം മൂന്നുപേരെ പിടികൂടി. എസ്.പി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

മൂന്നര വീതം ഗ്രാമുമായി കണ്ടന്തറ കാരോത്ത് കുടി മൻസൂർ (37) പെരുമ്പാവൂർ കണ്ടന്തറ കാരോത്തുകുടി സിയാദ് (30) സൗത്ത് വാഴക്കുളം ചെമ്പറക്കി പാരിപ്പറമ്പത്ത് മുഹമ്മദ് കോയ (29) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരക്കാട് നിന്നാണ് മൻസൂർ പിടിയിലായത്.

പ്ലൈവുഡ് കമ്പനി സൂപ്പർവൈസർ ജോലിയുടെ മറവിലായിരുന്നു വില്പന. കാറിൽ കറങ്ങി നടന്നാണ് കൈമാറ്റം ചെയ്തിരുന്നത്. ചെമ്പറക്കി ബി.എച്ച്. നഗറിൽ മുഹമ്മദ് കോയ താമസിക്കുന്ന വാടകവീട് കേന്ദ്രീകരിച്ച് വല്പന നടത്തുന്നതിനിടയിലാണ് മറ്റ് രണ്ടുപേർ പിടിയിലായത്. പൊലീസ് ഇൻസ്പെക്ടർമാരായ ടി.എം. സൂഫി, പി.ജെ. കുര്യാക്കോസ്, എസ്.ഐ പി.എം റാസിഖ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്‌സൽ, ബെന്നി ഐസക്ക്, രജിത്ത് രാജൻ, എം.കെ. നിഷാദ്, ബിനീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.