ജവാനും വൈ ഫൈയുമെല്ലാം ആവശ്യത്തിലധികം, എന്നിട്ടും ഉഷാറില്ലാതെ മദ്യവിപണി, കുടിയന്മാർക്ക് ഇതെന്തുപറ്റിയെന്ന് ബെവ്‌കോ
തിരുവനന്തപുരം: ഓണം കഴിയുമ്പോൾ ബിവറേജസ് ഷാപ്പുകളിലെ റെക്കാഡ് മദ്യവിൽപ്പനയുടെ കണക്കുകളാണ് സാധാരണ പുറത്തുവരാറുള്ളത്. എന്നാൽ, ഇക്കുറി അതുണ്ടാകുമോ എന്ന് സംശയം. ഓണനാളുകളായിട്ടും ഇക്കുറി ബിവറേജസ് ഷാപ്പുകളിലെ മദ്യവിൽപ്പന കുറഞ്ഞതാണ് അത്തരമൊരു സന്ദേഹത്തിന് കാരണം. കഴിഞ്ഞ വർഷത്തെക്കാളും ഇത്തവണ വിൽപ്പന കുറഞ്ഞെന്ന് അധികൃതരും സമ്മതിക്കുന്നു. അത്തം പിറന്നശേഷം സാധാരണ ഓണം സീസണിലുണ്ടാകാറുള്ളത്ര വിൽപ്പന കഴിഞ്ഞയാഴ്ചയിൽ ഉണ്ടായില്ല. പൂരാടം, ഉത്രാടം ദിവസങ്ങളിലും തിരുവോണ ദിവസവും കച്ചവടം ഉഷാറായാൽ മാത്രമേ കഴിഞ്ഞവർഷത്തെ ഓണം സീസണിലെ വിറ്റുവരവെങ്കിലും ഇത്തവണ നേടാൻ കഴിയൂവെന്നാണ് ബെവ്കോ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ഓണം കഴിഞ്ഞ് കണക്കെടുക്കുമ്പോഴറിയാം വിൽപ്പന കൂടിയോ കുറഞ്ഞോ എന്ന്. പ്രളയം കാരണം കഴിഞ്ഞ വർഷം മദ്യവിൽപ്പനയിൽ 17 കോടി രൂപയുടെ കുറവുണ്ടായിരുന്നു. 60 ബെവ്കോ ഔട്ട്ലെറ്റുകൾ പ്രളയത്തെ തുടർന്ന് അടച്ചിടേണ്ടിവന്നതും കനത്ത മഴയും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു കാരണം. എന്നാൽ, ഇത്തവണ എല്ലാ ഔട്ട്ലെറ്റുകളും തുറന്നുപ്രവർത്തിക്കുകയും മദ്യത്തിന് വിലകൂട്ടുകയും ചെയ്തിട്ടും മുൻവർഷത്തെ അത്രപോലും വിറ്റുവരവ് ഇതുവരെ ഉണ്ടായില്ലെന്ന് അധികൃതർ പറയുന്നു. ബാറുകൾ തുറന്നതും സാമ്പത്തിക രംഗത്തെ മാന്ദ്യവും മഴയുംമൂലം നാട്ടിൻ പുറങ്ങളിൽ തൊഴിലവസരങ്ങൾ കുറഞ്ഞ് ബോണസും ഫെസ്റ്റിവൽ അലവൻസുമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വൈകിയതുമാകാം ഓണം സീസണിന്റെ തുടക്കത്തിൽ വിൽപ്പന കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ഓണം, ക്രിസ്തുമസ്, ന്യൂ ഇയർ സീസണുകളിലാണ് കേരളത്തിൽ ഏറ്റവുമധികം മദ്യം വിറ്റഴിക്കപ്പെടുന്നത്. ഓണക്കാലത്താണ് ഉയർന്ന വിൽപ്പന.
അതേസമയം, ജനപ്രിയ ബ്രാൻഡുകളുൾപ്പെടെ ആവശ്യത്തിന് മദ്യം എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുള്ളതായി ബിവറേജസ് കോർപ്പറേഷൻ മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു. സാധാരണക്കാർ ഏറ്റവുമധികം ആവശ്യപ്പെടുന്ന ജവാൻ റമ്മും ആവശ്യത്തിന് സ്റ്റോക്കുണ്ട്. വൈ ഫൈ എന്ന ബ്രാൻഡാണ് ഈ ഓണം സീസണിൽ വിപണി കീഴടക്കാൻ എത്തിയ പുതിയ ഇനം. ബ്രാൻഡി, റം വിഭാഗങ്ങളിലായി ഒരു ലിറ്ററിന്റെ ബോട്ടിലുകളാണ് വിപണിയിലുള്ളത്.
'' മുൻവർഷങ്ങളെ അപേക്ഷിച്ച് ഓണം സീസണിന്റെ തുടക്കത്തിൽതന്നെ വിൽപ്പനയിൽ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ബാറുകൾ തുറന്നതും മദ്യത്തിന്റെ വിലക്കൂടുതലും സാമ്പത്തിക പ്രതിസന്ധിയുമാകാം കാരണമെന്ന് കരുതുന്നു. വരുംദിവസങ്ങളിൽ കച്ചവടം സജീവമാകുമെന്നാണ് പ്രതീക്ഷ.
മാർക്കറ്റിംഗ് വിഭാഗം, ബിവറേജസ് കോർപ്പറേഷൻ