ജിയോ ബ്ലാക്ക്‌റോക്ക് അസറ്റിന് മ്യൂച്വൽ ഫണ്ട് അനുമതി

Wednesday 28 May 2025 12:55 AM IST

കൊച്ചി: മ്യൂച്ച്വൽ ഫണ്ട് ബിസിനസുകൾ ചെയ്യുന്നതിന് ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നൽകി. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌റോക്കും ചേർന്നുള്ള സംയുക്ത സംരംഭമാണിത്. രാജ്യത്ത് മ്യൂച്വൽ ഫണ്ട് സേവനങ്ങളും ബിസിനസുകളും പ്രദാനം ചെയ്യുന്നതിനുള്ള ഇൻവെസ്റ്റ്‌മെന്റ് മാനേജരായി ഇതോടെ ജിയോ ബ്ലാക്ക്‌റോക്കിന് പ്രവർത്തിക്കാം. രാജ്യത്ത് അതിവേഗ വളർച്ചയാണ് റീട്ടെയ്ൽ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തിലുണ്ടാകുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ ( നിക്ഷേപക സ്ഥാപനങ്ങൾ) ഇൻവെസ്റ്റേഴ്‌സിന്റെ നിരക്കിലും വലിയ വർദ്ധനയുണ്ട്. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഡിജിറ്റൽ വ്യാപ്തിയും പ്രാദേശിക വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും, ബ്ലാക്ക് റോക്കിന്റെ ആഗോള നിക്ഷേപ വൈദഗ്ദ്ധ്യവും മുൻനിര റിസ്‌ക് മാനേജ്‌മെന്റ് സാങ്കേതികവിദ്യയും ചേരുമ്പോൾ മ്യൂച്വൽ ഫണ്ട് ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. മത്സരാധിഷ്ഠിതവും സുതാര്യവുമായ പ്രൈസിംഗ്, ബ്ലാക്ക്‌റോക്കിന്റെ മികച്ച റിസ്‌ക് മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തുന്ന നൂതനാത്മകമായ ഉത്പന്നങ്ങൾ എന്നിവയാണ് ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ സവിശേഷത.