നാല് ദിവസം, 160.3 മില്ലിമീറ്റർ മഴ

Wednesday 28 May 2025 12:58 AM IST

പത്തനംതിട്ട : കാലവർഷത്തിന്റെ സ്വഭാവം മാറി. തുടർച്ചയായി പെയ്യുന്ന രീതി വിട്ട് ഒറ്റയടിക്ക് അധിക മഴ പെയ്തുമാറുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ജില്ലയിൽ പെയ്ത ശരാശരി 161.3 മില്ലിമീറ്റർ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നാല് ദിവസത്തിനുള്ളിൽ 120.3 മില്ലിമീറ്റർ അധികമഴയാണ് ജില്ലയിൽ പെയ്തത്. ലഭിക്കേണ്ടത് 41 മില്ലി മീറ്റർ മഴ. മുൻ കാലങ്ങളെ അപേക്ഷിച്ച് 288 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്. മാർച്ച് മുതൽ ഇന്നലെ വരെയുള്ള കണക്കിൽ ജില്ലയിൽ 47 ശതമാനം അധിക മഴയാണ് ലഭിച്ചത്. വേനൽമഴയും ശക്തമായിരുന്നു. 470.4 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 689. 2 മില്ലിമീറ്റർ മഴ ലഭിച്ചു. തുടർച്ചയായ നാല് ദിവസം പെയ്ത ശക്തമായ മഴയിൽ പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജി.ഡി സ്റ്റേഷൻ, മണിമലയാറ്റിലെ വള്ളംകുളത്തുള്ള തോണ്ടറ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പന്തളത്ത് 8.9 മീറ്ററാണ് ജലനിരപ്പ്. പ്രളയ മുന്നറിയിപ്പുള്ള മണിമലയാറ്റിലെ വള്ളംകുളത്ത് 5.45 മീറ്ററിൽ ജലനിരപ്പ് എത്തി. പമ്പാനദിയിൽ അയിരൂരിലും മാരാമണ്ണിലും ആറന്മുളയിലും മുന്നറിയിപ്പ് ലെവലിനു മുകളിലാണ് ജലനിരപ്പ്. മാരാമണ്ണിലും ആറന്മുളയിലും റെഡ് അലർട്ടാണ്.

നിലവിൽ പ്രധാന അണക്കെട്ടുകളായ പമ്പ, കക്കി ആനത്തോട് ഡാമുകളിൽ ജല നിരപ്പ് അധികം ഇല്ലാത്തതാണ് ഏക ആശ്വാസം. ഇതിനോടകം കക്കിയിൽ 60 ശതമാനം ജലം ഉണ്ട്.

29,30 റെഡ് അലർട്ട്

കാലവർഷം രണ്ടു ദിവസത്തെ ശാന്തതയ്ക്ക് ശേഷം വീണ്ടും കനക്കുമെന്ന് സൂചന ലഭിച്ചതിനാൽ 29,30തീയതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മൂഴിയാർ ഡാം തുറന്നു

ജലനിരപ്പ് പരമാവധിയോട് അടുത്തതിനാൽ ഇന്നലെ ഉച്ചയോടെ മൂഴിയാർ ഡാമിലെ ഒന്നും മൂന്നും ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതവും രണ്ടാംഷട്ടർ 20 സെന്റി മീറ്ററും തുറന്നു. ജലനിരപ്പ് നിയന്ത്രിച്ച ശേഷം ഒന്നും മൂന്നും ഷട്ടറുകൾ അടച്ചു.