ലോട്ടറി സമ്മാന ഘടന മാറുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

Wednesday 28 May 2025 12:59 AM IST

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാന ഘടനയിൽ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും, പൊതുജനങ്ങൾക്കും പ്രയോജനകരമായ വിധത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അയ്യായിരത്തിന്റെ സമ്മാനങ്ങൾ വർദ്ധിപ്പിക്കും. രണ്ടായിരം രൂപയുടെ സമ്മാനം പുനഃസ്ഥാപിക്കും. 50 രൂപയുടെ സമ്മാനങ്ങൾ ഒഴിവാക്കും. ഇരുന്നൂറ് രൂപയുടെ സമ്മാനം തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്സ് വർഗ്ഗീസ്, നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ, ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, അസി.ജില്ല ലോട്ടറി ഓഫീസർ എസ്.ശ്രീകല, ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ജോഷിമോൻ കെ.അലക്സ്, ബി.എസ്.അഫ്സൽ, വി.പ്രസാദ്,പി.ആർ.സജീവ് തുടങ്ങിയവർ സംസാരിച്ചു.