കലിതുള്ളി കാലവർഷം : തിരുവല്ലയിൽ 36 വീടുകൾക്ക്  ഭാഗികനാശം

Wednesday 28 May 2025 12:15 AM IST
നിരണം വെസ്റ്റ് മാനങ്കേരിൽ ഷൈജുവിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയ നിലയിൽ

തിരുവല്ല : കനത്തമഴയിലും ശക്തമായി വീശിയടിച്ച കാറ്റിലും ഇന്നലെ വരെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ 36 വീടുകൾക്ക് ഭാഗികനാശം സംഭവിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മഴയ്‌ക്കൊപ്പം കാറ്റ് നാശം വിതയ്ക്കുന്നത്. മരങ്ങൾ കടപുഴകിയാണ് വീടുകൾക്കും വൈദ്യുതി ബന്ധങ്ങൾക്കും തകരാർ സംഭവിച്ചത്. താലൂക്കിലെ 12 വില്ലേജുകളിൽ പത്തിടത്തും വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരണം വില്ലേജിൽ 9 വീടുകൾക്ക് മരംവീണ് കേടുപാടുണ്ടായി. കുറ്റൂർ വില്ലേജിൽ ആറും പെരിങ്ങരയിൽ അഞ്ചും കുറ്റപ്പുഴയിൽ നാലും നെടുമ്പ്രം, കാവുംഭാഗം, കടപ്ര വില്ലേജുകളുടെ പരിധിയിൽ മൂന്ന് വീതവും തിരുവല്ല, കവിയൂർ, തോട്ടപ്പുഴശ്ശേരി വില്ലേജുകളിൽ ഓരോ വീടുകൾ വീതവും മരംവീണ് തകർന്നു. പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് പ്രദേശത്ത് ആശങ്കയുയർത്തിയിട്ടുണ്ട്. ഇന്നലെ അഞ്ച് വീടുകൾക്ക് നാശമുണ്ടായി. നിരണം ആശാരിപറമ്പ് കോളനിയിൽ വി.കെ.കുഞ്ഞച്ചൻ, കൊമ്പൻകേരിൽ ചെല്ലമ്മ, തോട്ടപ്പുഴശ്ശേരി മുട്ടുമണ്ണിൽ മനോജ്‌കുമാർ, നെടുമ്പ്രം വേണാട് രാജഗോപാൽ, കവിയൂർ തോട്ടഭാഗം പള്ളത്തിൽ സുജാത എന്നിവരുടെ വീടുകൾക്കാണ് മരങ്ങൾ ഒടിഞ്ഞുവീണു തകരാർ സംഭവിച്ചത്. കുറ്റൂർ ഒൻപതാം വാർഡിലെ ഓർഫനേജിന്റെ മതിൽ ആഞ്ഞിലിമരം വീണ് തകർന്നു. കുറ്റപ്പുഴ അണ്ണവട്ടം ഭാഗത്ത് മരംവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.

വൈദ്യുതി വിതരണം പ്രതിസന്ധിയിൽ അഞ്ച് ദിവസങ്ങൾക്കിടെ തിരുവല്ല ഡിവിഷൻ പരിധിയിൽ 164 വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു വീണു. 11 കെ.വി ലൈനിലെ 20 പോസ്റ്റുകളും നിലംപൊത്തി. ഗാർഹിക കണക്ഷനുള്ള 144 പോസ്റ്റുകളും ഒടിഞ്ഞു. മൂന്നിടത്ത് മരക്കൊമ്പുവീണ് 11 കെ.വി ലൈൻ പൊട്ടി. 268 സ്ഥലങ്ങളിൽ എൽ.ടി ലൈനുകൾ പൊട്ടിവീണു. 115 ഇടങ്ങളിൽ മരക്കൊമ്പുകൾ ലൈനിൽ വീണു. കെ.എസ്.ഇ.ബി ജീവനക്കാർ രാപകൽ തകരാറുകൾ പരിഹരിക്കാൻ നെട്ടോട്ടമോടുകയാണ്. പലയിടത്തും വൈദ്യുതി വിതരണം സാധാരണ നിലയിലായിട്ടില്ല. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ജനങ്ങളുടെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് വ്യാപാര, വ്യവസായ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി.