വക്കത്ത് നാലംഗ കുടുംബം ജീവനൊടുക്കി
തിരുവനന്തപുരം / വക്കം: കടബാദ്ധ്യതയെ തുടർന്ന് വക്കത്ത് ഒരു കുടുബത്തിലെ നാലു പേർ ജീവനൊടുക്കി. വക്കം വെളിവിളാകം ക്ഷേത്രത്തിനു സമീപം അഷ്ടപദിയിൽ അനിൽകുമാർ (50), ഭാര്യ ഷീജ (46), മക്കളായ അശ്വിൻ (25), ആകാശ് (21) എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതിന് ശേഷവും വീട്ടുകാരെ പുറത്തുകാണാതിരുന്നതിനെ തുടർന്ന് നാട്ടുകാരാണ് കടയ്ക്കാവൂർ പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി വീട് തുറന്നപ്പോഴാണ് ഹാളിലെ നാല് മൂലയിലുമുള്ള ഹുക്കുകളിൽ നാലു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് അനിൽ കുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പും ഡയറിയും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
അനിൽകുമാർ വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് മണനാക്ക് ബ്രാഞ്ചിലെ ജീവനക്കാരനും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഷീജ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരിയാണ്. അശ്വിൻ ബി.കോം കഴിഞ്ഞ് ജോലിക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ആകാശ് ചിറയിൻകീഴ് മുസ്ലിയാർ എൻജിനിയറിംഗ് കോളേജിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയാണ്.
ലക്ഷങ്ങളുടെ ബാദ്ധ്യത
ജോലി ചെയ്തിരുന്ന സഹകരണ ബാങ്കിൽ നിന്നടക്കം അനിൽകുമാർ വായ്പയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പണവും സ്വർണവും പലപ്പോഴായി വാങ്ങിയതടക്കം ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടായി. പണം തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് പലരും അന്വേഷിച്ചെത്തിയിരുന്നു. കടബാദ്ധ്യത വീട്ടുകാരെ ബാധിക്കാതിരിക്കാനാണ് കൂട്ടആത്മഹത്യ ചെയ്യുന്നതെന്ന് അനിൽകുമാർ കുറിപ്പിൽ എഴുതിയിട്ടുണ്ട്. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. റൂറൽ എസ്.പി സുദർശനൻ, വർക്കല ഡി.വൈ.എസ്.പി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.