മണിക്കൂറുകൾ വൈകി ട്രെയിനുകൾ, വലഞ്ഞ് യാത്രക്കാർ
തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാത്രിയും കോഴിക്കോട്ട് ഇന്നലെ രാവിലെ വീണ്ടും ട്രാക്കിൽ മരംവീണതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ മണിക്കൂറുകൾ വൈകി. രാത്രി വൈകിയും സാധാരണ നിലയിലായിട്ടില്ല. യാത്രക്കാർ വലഞ്ഞു. സർക്കാർ ജീവനക്കാർക്കടക്കം സമയത്ത് ഓഫീസിൽ എത്താനായില്ല.
തൃശൂർ-ഗുരുവായൂർ, കോട്ടയം- തിരുവനന്തപുരം റൂട്ടുകളിലും കോഴിക്കോട് അരിക്കോട് അടക്കം നിരവധി ഇടങ്ങളിലാണ് മരങ്ങൾ വീണത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് 1.05 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. നേത്രാവതി, മാവേലി, ഇന്റർസിറ്റി, മലബാർ, മംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ, പരശുറാം, മംഗള, ഏറനാട് ട്രെയിനുകളടക്കം വൈകി.
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ മഴക്കാലം തുടങ്ങുന്നതിന് മുമ്പുതന്നെ റെയിൽവേ വസ്തുഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും പലരും ചെവിക്കൊണ്ടില്ല.
ഇതുകാരണമുണ്ടായ ഗതാഗത തടസത്തിന്റെ പേരിൽ നഷ്ടപരിഹാരം വസ്തുഉടമകളിൽ നിന്ന് ഇൗടാക്കാൻ നിയമനടപടി തുടങ്ങിയതായി റെയിൽവേ അറിയിച്ചു.
ഇന്നും 31നും അതിശക്ത മഴ
ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപം പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യത. ഇന്നും 31നും അതിശക്ത മഴയ്ക്കും സാദ്ധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റും കരുത്താർജിക്കാനിടയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാദ്ധ്യത. കേരള തീരത്ത് അടുത്ത 48 മണിക്കൂറിൽ നാലുമീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.
റെഡ് അലർട്ട് ഇന്ന്
വയനാട്, കോഴിക്കോട്. 24 മണിക്കൂറിനുള്ളിൽ 204 മി.മീറ്ററിലധികം മഴ പെയ്തേക്കാം
ഓറഞ്ച് അലർട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്