പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി കവിഞ്ഞെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിൽ ഇത് 2.86 ലക്ഷം കോടിയായിരുന്നു. 2025ൽ മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് രണ്ട് ലക്ഷം കോടിയാണ്. രാജ്യത്തെ പ്രവാസി നിക്ഷേപത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയാണ് മുന്നിൽ.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും പ്രവാസി നിക്ഷേപം വർദ്ധിപ്പിച്ചു. കൊവിഡിന് ശേഷം നാട്ടിൽ പണം സൂക്ഷിക്കുന്ന പ്രവണതയും വർദ്ധിച്ചു.
ഇന്ത്യയിലെ പ്രവാസി നിക്ഷേപത്തിന്റെ മൂന്നിലൊന്നും അമേരിക്കയിൽ നിന്നാണ്. എൻ.ആർ.ഐ അക്കൗണ്ടിൽ 27.7 ശതമാനമാണ് യു.എസിൽ നിന്നുള്ളത്. യു.എ.ഇ.ആണ് തൊട്ടുപിന്നിൽ- 19.2 ശതമാനം. സൗദി, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 37.9 ശതമാനം പ്രവാസി നിക്ഷേപവുമെത്തുന്നുണ്ട്. ഇതിൽ പകുതിയും മലയാളികളുടേതാണ്.
കാനഡ, യു.കെ, യു.എസ് എന്നിവിടങ്ങളിൽ നിന്നാണ് പ്രവാസി മലയാളി നിക്ഷേപത്തിൽ വൻ വർദ്ധനവുണ്ടായത്. ഇത് വർദ്ധിക്കാമെന്നും പൂനെയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.
182 രാജ്യങ്ങളിലും മലയാളികൾ
ലോകത്തെ 193 രാജ്യങ്ങളിൽ 182ലും മലയാളികളുണ്ട്. നോർക്കയുടെ കണക്കാണിത്. ഗൾഫിലുള്ള പ്രവാസികളിൽ കൂടുതൽ മലയാളികൾ. യു.എ.ഇ, സൗദി, അറേബ്യ, ഖത്തർ, ബഹ്റിൻ, ഒമാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി 4.2 ലക്ഷം മലയാളികളുണ്ട്. 35.6 ലക്ഷമാണ് പ്രവാസി മലയാളികൾ. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ 3.452 കോടിയും.
11.8 ലക്ഷം കോടി നിക്ഷേപം
രാജ്യത്തെ പ്രവാസി നിക്ഷേപം- 11.8 ലക്ഷം കോടി
മറാഠികളുടെ നിക്ഷേപം- 35.2%
മലയാളികളുടെ നിക്ഷേപം- 19.7%
2014ലെ മലയാളി പ്രവാസി ബാങ്ക് നിക്ഷേപം- ഒരു ലക്ഷം കോടി
2020ലെ മലയാളി പ്രവാസി ബാങ്ക് നിക്ഷേപം- രണ്ടുലക്ഷം കോടി
2020 വരെയുള്ള പ്രതിവർഷ വർദ്ധന- 9%
2021 മുതലുള്ള പ്രതിവർഷ വർദ്ധന- 20%