30 രുചിയിലെ സൗഹൃദച്ചായ, ഹിറ്റായി 'ചായ്സ് വീൽ ബാർ"
കണ്ണൂർ: 30ലധികം രുചികളിൽ ചായവിളമ്പുകയാണ് സൗഹൃദത്തിൽ പിറന്ന മാടായിപ്പാറയിലെ 'ചായ്സ് വീൽ ബാർ". മാടായി കോളേജിൽ ബിരുദപഠനത്തിനിടെ നാലു സുഹൃത്തുക്കൾ പങ്കിട്ട ആശയമായിരുന്നു മൂലധനം. ചെമ്പരത്തി, ബട്ടർ സ്‌കോച്ച്, തേൻ, ശംഖുപുഷ്പം, ഇന്ത്യൻ മസാല, പൈനാപ്പിൾ, ലാവണ്ടർ തുടങ്ങി 30ലധികം രുചികളിലാണ് ചായ ഒരുക്കുന്നത്. 20,000 രൂപയാണ് പ്രതിദിനവരുമാനം. 15 മുതൽ 50 രൂപ വരെയുള്ള ചായയുണ്ട്.
വടക്കേ മലബാറിന്റെ പ്രത്യേകതയുള്ള കല്ലുമ്മക്കായ നിറച്ചതുൾപ്പെടെ പലഹാരങ്ങളും ലഭിക്കും. ഉച്ചയ്‌ക്ക് മൂന്നുമുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. 2025ൽ പഠനം പൂർത്തിയാക്കി മാടായി കോളേജിൽ നിന്നിറങ്ങിയ നിവേദ്, ഷംസീർ, ഷാദ് (ബി.ബി.എ), യാസീൻ (ഹിസ്റ്ററി) എന്നിവരാണ് ഉടമകൾ. ഓട്ടോറിക്ഷ - പച്ചക്കറിക്കട തൊഴിലാളിയുടെയും നിർമ്മാണ തൊഴിലാളിയുമൊക്കെ മക്കളാണ് നാലുപേരും.
കടയിലെ തൊഴിലാളികളും ഇവരുടെ സുഹൃത്തുക്കളാണ്. കഴിഞ്ഞ മാർച്ചിലാണ് കട തുടങ്ങിയത്. കോളേജ് പ്രിൻസിപ്പൽ എം.വി. ജോണിയായിരുന്നു ഉദ്ഘാടകൻ. കാമ്പസിലെ വിദ്യാർത്ഥികളാണ് കടയ്ക്ക് പേരിട്ടത്.
വഴിത്തിരിവായ നോമ്പ് തുറക്കൽ ചായ
രണ്ടാംവർഷ ബിരുദപഠന കാലത്താണ് വരുമാനം കണ്ടെത്താനുള്ള ആലോചന തുടങ്ങിയത്. നോമ്പ് തുറന്ന് ചായകുടിച്ചാലോ എന്ന ചോദ്യത്തിൽ നിന്നാണ് അതിലെ സാദ്ധ്യത അവർ ആഴത്തിൽ പരിശോധിച്ചത്. അന്നു മുതൽ ക്ളാസ് കഴിഞ്ഞയുടൻ വ്യത്യസ്ത രുചികളുള്ള ചായ തേടി കണ്ണൂരിലെ പല ഭാഗത്തും ബൈക്കിൽ സഞ്ചരിച്ചു. ഡിസൈൻ ചെയ്ത ഉന്തുവണ്ടിയും പഴയ ടയറും ചേർത്തുള്ള അലങ്കാരങ്ങളുടെയടക്കം കടയുടെ ഡിസൈനും ഈ നാല് സുഹൃത്തുക്കളാണ് തയ്യാറാക്കിയത്. നാലു പേരും കടയിൽ സജീവമാണ്. ഇതിനിടയിൽ ഉപരിപഠനത്തിനുള്ള ഒരുക്കവും നടക്കുന്നുണ്ട്. പല തരം രുചികളുള്ള ചായയെ തങ്ങളുടെ ബ്രാൻഡാക്കണമെന്നാണ് സംഘത്തിന്റെ ആഗ്രഹം.
ലക്ഷ്യം നേടും വരെ എല്ലാവരും കൂടെ നിന്നതാണ് വിജയത്തിന് കാരണം. മായം കലരാത്തതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിമയോടെ ശേഖരിക്കുന്നതുമായ തേയിലയും ഫ്ളേവറുകളുമാണ് ഉപയോഗിക്കുന്നത്.
- യാസീൻ, (സംരംഭകരിലൊരാൾ)