പാലക്കാട് 42 വീട് കൂടി തകർന്നു; ജില്ലയിൽ 30വരെ ഓറഞ്ച് അലർട്ട്
പാലക്കാട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് പാലക്കാട് ജില്ലയിൽ മേയ് 30 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മേയ് 26ന് രാവിലെ എട്ട് മുതൽ 27ന് രാവിലെ എട്ട് വരെ ജില്ലയിൽ ശരാശരി 69.07 മില്ലി മീറ്റർ മഴയാണ് പെയ്തത്. 42 വീടുകൾ കൂടി തകർന്നു. മേയ് 26ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഇന്നലെ ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. 41 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ചിറ്റൂർ താലൂക്കിൽ വണ്ടിത്താവളം വില്ലേജിലാണ് ഒരു വീട് പൂർണമായും തകർന്നത്. ഇതോടെ ജില്ലയിൽ കാലവർഷ കെടുതിയിൽ തകർന്ന ആകെ വീടുകളുടെ എണ്ണം 114 ആയി.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. സ്വകാര്യ പൊതുഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. ദുരന്ത സാദ്ധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കൺട്രോൾ റൂം നമ്പറുകൾ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ: 8921994727 /04912505292
താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പാലക്കാട് 04912504088, ആലത്തൂർ 04922223325, മണ്ണാർക്കാട് 04924291399 പട്ടാമ്പി 04662912797 അടപ്പാടി 9207191470 ഒറ്റപ്പാലം 04662244522 ചിറ്റൂർ. 04923224740