പ്രേംജിത്ത് ലാൽ സായ്‌യുടെ പടിയിറങ്ങുന്നു

Wednesday 28 May 2025 12:21 AM IST

തിരുവനന്തപുരം : ആലപ്പുഴ സായ് കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് കളമൊരുക്കിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രേംജിത്ത് ലാൽ ഈ മാസം 31ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഈ മാസം 31ന് വിരമിക്കുന്നു.

എൽ.എൻ.സി.പി.ഇയിലെ 35 വർഷ സേവനത്തിന് ശേഷമാണ് പ്രേംജിത്ത് ലാൽ ആലപ്പുഴയിലെത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ആലപ്പുഴ കേന്ദ്രത്തെ ഒന്നാംനിരയിലേക്ക് എത്തിക്കാൻ ചുക്കാൻ പിടിച്ച ഇദ്ദേഹം കഴിഞ്ഞ ഒരുവർഷത്തിനിടെ നാല് ദേശീയ മത്സരങ്ങൾക്ക് വേദിയൊരുക്കി. ഒരു ഡസൻ അന്തർദേശീയ മെഡലുകളും 250ഓളം ദേശീയ മെഡലുകളുമായി സായ് ആലപ്പുഴയിലെ കായികതാരങ്ങളും പ്രേംജിത്ത് ലാലിന്റെ കാലയളവിൽ മികവ്കാട്ടി.ആദ്യമായി സായ്‌യിലെ പെൺകുട്ടികൾ നെഹ്രുട്രോഫിയിൽ പങ്കെടുക്കുകയും കഴിഞ്ഞ രണ്ടു വർഷമായി വനിതകളുടെ തെക്കൻ ഓടി വിഭാഗത്തിൽ വിജയികൾ ആവുകയും ചെയ്തു.

ബ്രണ്ണൻ കോളജ്, ഉഷ സ്കൂൾ എന്നിവിടങ്ങളിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനും ലക്ഷ ദീപ്, യാനം എന്നിവിടങ്ങളിലെ സായ് കേന്ദ്രങ്ങളുടെ സ്ഥാപനത്തിനും പ്രേംജിത്ത്ലാൽ മുൻനിരയിലുണ്ടായിരുന്നു. ആർച്ചറി, ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യൻ സംഘത്തിന്റെ മാനേജരായിരുന്നു. ചേർത്തല കണിച്ചുകുളങ്ങര പൊഴിക്കൽ കുടുംബാംഗമാണ്. അമ്മ ശ്രീമതി. വസുമതി, അച്ഛൻ പരേതനായ ഫൽഗുനൻ. കാനറ ബാങ്ക് ഓഫീസർ ഗീത സുഗതനാണ് ഭാര്യ. ഡോ. ആരതി കൃഷ്ണ, മാധവ്, മരുമകൻ ഡോ. അശ്വന്ത്.