പ്രിയങ്ക് പഞ്ചൽ വിരമിച്ചു
അഹമ്മദാബാദ്: ഇന്ത്യ എ ക്രിക്കറ്റ് ടീമിന്റെ മുൻനായകനും ഗുജറാത്ത് രഞ്ജി താരവുമായ പ്രിയങ്ക് പഞ്ചൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2016-17സീസണിൽ ഗുജറാത്തിനെ ആദ്യമായി രഞ്ജി ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനെതിരായ സെമിഫൈനലിലാണ് പഞ്ചൽ അവസാനമായി കളിച്ചത്.
99 രഞ്ജി മത്സരങ്ങൾ അടക്കം 127 ഫസ്റ്റ്ക്ളാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള 35കാരനായ പഞ്ചൽ 29 സെഞ്ച്വറികളും 34 അർദ്ധസെഞ്ച്വറികളും അടക്കം 8856 റൺസ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഗുജറാത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന പാർത്ഥിവ് പാട്ടീലിന്റെ റെക്കാഡിന് 19 റൺസ് അകലെയാണ് പഞ്ചൽ പടിയിറങ്ങുന്നത്.
2021ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ രോഹിതിന് പകരം പഞ്ചലിനെ ടീമിലെടുത്തിരുന്നു. 2022ൽ ലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും ടീമിലുണ്ടായിരുന്നു. എന്നാൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.