ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഗുൽവീറിന് സ്വർണം, സെർവിന് വെങ്കലം

Wednesday 28 May 2025 12:23 AM IST

ഗുമി : ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം 10,000 മീറ്ററിൽ സ്വർണം നേടി ഇന്ത്യൻതാരം ഗുൽവീർ സിംഗ്. 20 കി.മീ ന‌ടത്തത്തിൽ സെർവിൻ സെബാസ്റ്റ്യൻ വെങ്കലം നേടി.

ഹാംഗ്ചോ ഏഷ്യൻ ഗെയിംസിലെ വെങ്കലമെഡൽ ജേതാവായ ഗുൽവീർ 28 മിനിട്ട് 38.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം തൊട്ടത്. എന്നാൽ മാർച്ചിൽ കുറിച്ച തന്റെ പേഴ്സണൽ ബെസ്റ്റ് ടൈമായ 27 മിനിട്ട് 00.22 സെക്കൻഡ് മറികടക്കാനോ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്കായ 27 മിനിട്ടിൽ ഫിനിഷ് ചെയ്യാനോ ഗുൽവീറിന് കഴിഞ്ഞില്ല. അവസാനലാപ്പിലെ തകർപ്പൻ സ്പ്രിന്റിലൂടെയാണ് ഗുൽവീർ പിന്നിൽ നിന്ന് സ്വർണത്തിലേക്ക് കുതിച്ചുകയറിയത്. ഏഷ്യൻ മെഡലിസ്റ്റ് എന്ന നിലയിൽ റാങ്ക് പട്ടികയിൽ മുന്നിലെത്തി ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാമെന്നാണ് ഗുൽവീറിന്റെ പ്രതീക്ഷ. ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സാവൻ ബർവാൾ നാലാമതായാണ് ഫിനിഷ് ചെയ്തത്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഗുൽവീറിന്റെ രണ്ടാം മെഡലാണിത്. 2023ലെ ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇവിടെയും ഗുൽവീർ 5000 മീറ്ററിൽ മത്സരിക്കുന്നുണ്ട്.

20 കി.മീ നടത്തയിൽ ഒരു മണിക്കൂർ 21 മിനിട്ട് 13.90 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സെർവിൻ വെങ്കലത്തിലെത്തിയത്. സൈനികനായ സെർവിന്റെ ആദ്യ ഏഷ്യൻ മെഡലാണിത്. ഫെബ്രുവരിയിൽ നടന്ന ദേശീയ ഗെയിംസിലും ഏപ്രിലിൽ നടന്ന ഓപ്പൺ റേസ് വാക്കിലും സ്വർണം നേടിയിരുന്നു.ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അമിത് നാലാമതായി. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നുറാണി നാലാമതായാണെത്തിയത്.

പുരുഷ വിഭാഗം 1500 മീറ്ററിൽ ഇന്ത്യയുടെ യൂനുസ് ഷാ, ഹൈജമ്പിൽ സർവേഷ് കുശാരേ എന്നിവർ ഫൈനലിലെത്തി. 400 മീറ്റിൽ വിശാൽ ടി.കെ സെമിയിലെത്തി. വനിതകളുടെ 400 മീറ്ററിൽ രുപാൽ ചൗധരിയും വിദ്യ രാംരാജും ഫൈനലിൽ കടന്നു.