പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഷീറ്റ് റോഡിലേക്കു വീണു

Wednesday 28 May 2025 12:59 AM IST
തേവലക്കര ഗ്രാമപഞ്ചായത്തിന്റെ മുകൾ നിലയിലെ ഷീറ്റുകൾ റോഡിലേക്ക് വീണ നിലയിൽ

ചവറ: ശക്തമായ കാറ്റിലും മഴയിലും തേവലക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിലെ ഷീറ്റിന്റെ ഒരു ഭാഗം അടർന്നു വീണു. ഓഫീസ് കെട്ടിടത്തിനോടൊപ്പമുള്ള എ.സി.പി ഷീറ്റ് വർക്കാണ് അടർന്ന് റോഡിലേക്ക് വീണത്.

കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഷീറ്റ് പതിച്ചത്. ആർക്കും പരിക്കില്ല. രാവിലെ റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത്, വാർഡ് മെമ്പർ ജി.പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഷീറ്റ് റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.