പ്രവേശനോത്സവം ഗംഭീരമാക്കാൻ കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ല
കരുനാഗപ്പള്ളി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ 37 എൽ.പി സ്കൂളുകളും 18 യു.പി സ്കൂളുകളും 17 ഹൈസ്കൂളുകളുമുണ്ട്. സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. അകത്തളവും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പെയിന്റിംഗ് വർക്കുകൾ പൂർത്തിയായി. ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള അപേക്ഷകൾ സ്കൂൾ അധികൃതർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിക്കഴിഞ്ഞു. ഇന്നും നാളെയുമായി ഇവ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ 30 ന് എല്ലാ സ്കൂളുകളിലും പരിശോധന നടത്തും. കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിലാണ് ഇക്കുറി കരുനാഗപ്പള്ളി ഉപജില്ല പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.