കണ്ടെയ്നർ സാൽവേജ് ഓപ്പറേഷൻ രാക്ഷസത്തിരകളിൽ പതറി

Wednesday 28 May 2025 1:37 AM IST

കൊല്ലം: കടൽ പ്രക്ഷുബ്ധമായതിനാൽ കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നുകളും മാലിന്യങ്ങളും നീക്കാനുള്ള കണ്ടെയ്നർ സാൽവേജ് ഓപ്പറേഷൻ അദ്യദിനത്തിൽ പതറി. തിങ്കളാഴ്ച പോർട്ടിന് സമീപമെത്തിച്ച കണ്ടെയ്നർ മാത്രമാണ് കസ്റ്റംസിന് കൈമാറാനായത്. തകർന്ന കണ്ടെയ്നറുകളിൽ നിന്ന് തീരത്തടിഞ്ഞ മാലിന്യം നീക്കലും കാര്യമായി നടന്നില്ല.

കണ്ടെയ്നറുകൾ അതിവേഗം നീക്കണമെങ്കിൽ കൂടുതൽ വിദഗ്ദ്ധ തൊഴിലാളികളും ടഗ്ഗുകളും വേണം. നിലവിൽ ഒരു മത്സ്യബന്ധന ബോട്ട് മാത്രമാണ് ഉപയോഗിക്കുന്നത്. കൊല്ലം പോർട്ടിന്റെ ഉടമസ്ഥതയിലുള്ള എം.ടി മലബാർ ടഗ്ഗ് വിട്ടുനൽകാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കരാർ കമ്പനി ഏറ്റെടുത്തിട്ടില്ല. നിലവിൽ 8 വിദഗ്ദ്ധ തൊഴിലാളികൾ മാത്രമാണ് സാൽവേജ് ഓപ്പറേഷനിലുള്ളത്. ഇന്ന് 12 പേർ കൂടിയെത്തും.

കൂടുതൽ സമയം വേണമെന്ന് കരാറുകാർ

തീരത്തടിഞ്ഞ കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് കരാർ കമ്പനി പ്രതിനിധകൾ കളക്ടർ എൻ.ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണ്.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സാൽവേജ് ഷിപ്പിംഗ് കമ്പനിയുടെ സാങ്കേതിക വിഭാഗം ടി &ടി സാൽവേജ് പ്രവർത്തകരും കണ്ടെയ്നർ മാറ്റാൻ ചുമതപ്പെടുത്തിയ വാട്ടർലൈൻ ഷിപ്പിംഗിന്റെ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം പറഞ്ഞത്. കൃത്യമായ കാര്യപദ്ധതി തയ്യാറാക്കി ജനങ്ങൾക്കും തീരപരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്നറുകൾ മാറ്റണമെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഓരോ സ്ഥലത്തും നിയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ കൈമാറുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും വേണം.

ശക്തികുളങ്ങരയിലെ ഒൻപത് കണ്ടെയ്നറുകളിൽ രണ്ടെണ്ണം കരയിൽ അടുപ്പിച്ചെന്നും കൊല്ലം ബീച്ചിലെ കണ്ടെയ്നറുകൾ മാറ്റുന്ന പ്രവർത്തി നടക്കുകയാണെന്നും ടി ആൻഡ് ടി സാൽവേജ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ നിഷാന്ത് സിഹാര, എ.ഡി.എം ജി.നിർമൽ കുമാർ, ടി & ടി സാൽവേജ് കമ്പനി, വാട്ടർലൈൻ ഷിപ്പിംഗ് എന്നിവരുടെ സാങ്കേതിക പ്രവർത്തകർ, എൻ.ഡി.ആർ.എഫ്, കൊല്ലം പോർട്ട്‌, മറ്റ് ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.