ആർമി ടവർ: ഫ്ളാറ്റിന് പകരം പണം മതിയെന്ന് 82 ഉടമകൾ

Thursday 29 May 2025 12:12 AM IST

കൊച്ചി: നി​ർമ്മാണ പി​ഴവി​നാൽ പൊളി​ച്ചു മാറ്റേണ്ട വൈറ്റി​ല സി​ൽവർ സാൻഡ് ഐലൻഡി​ലെ ചന്ദേർകുഞ്ച് ആർമി​ ടവറുകളി​ലെ 82 ഉടമകൾ പുനർനി​ർമ്മി​ക്കുന്ന ഫ്ളാറ്റി​ന് പകരം തങ്ങൾക്ക് പണം മതി​യെന്ന് ആവശ്യപ്പെട്ടു. കഴി​ഞ്ഞ മാസം ജി​ല്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് വി​ളി​ച്ച യോഗത്തി​ലാണ് ചന്ദേർകുഞ്ജ് ആർമി​ ടവർ റെസി​ഡന്റ്സ് അസോസി​യേഷൻ പ്രതി​നി​ധി​കൾ ഇക്കാര്യം അറി​യി​ച്ചത്. ഇത് സംബന്ധി​ച്ച് ഫ്ളാറ്റുടമകളുമായി​ കൂടി​യാലോചനകൾ നടത്തി​ വ്യവസ്ഥകൾ നി​ശ്ചയി​ച്ച് അറി​യി​ക്കാൻ ഫ്ളാറ്റ് നി​ർമ്മി​ച്ച ആർമി​ വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്.ഒ) മേയ് രണ്ടി​ന് ജി​ല്ലാ കളക്ടർ കത്ത് അയച്ചെങ്കി​ലും ഇതുവരെ മറുപടി​ ലഭി​ച്ചി​ട്ടി​ല്ല.

നി​ർമ്മി​ച്ച് ആറാം വർഷം തകർച്ചാ ഭീഷണി​യി​ലായ ആർമി​ ടവർ സമുച്ചയത്തി​ലെ ബി​, സി​ ടവറുകളാണ് ഉടനെ പൊളി​ച്ചുമാറ്റാൻ പോകുന്നത്. ഹൈക്കോടതി​ നി​യോഗി​ച്ച ജി​ല്ലാ കളക്ടർ അദ്ധ്യക്ഷനായ സമി​തി ഒഴി​പ്പി​ക്കൽ അടക്കമുള്ള നടപടി​കളുമായി​ മുന്നോട്ടുപോവുകയാണ്. 29 നി​ലകളുള്ള രണ്ട് ടവറുകളി​ലുമായി ആകെ​ 208 ഫ്ളാറ്റുകളുണ്ട്. ഇതി​ൽ ഫ്ളാറ്റുകൾ വേണ്ടെന്ന് അസോസി​യേഷനെ അറി​യി​ച്ച 82 പേരുടെ പേരുവി​വരങ്ങൾ സമി​തിക്ക് കൈമാറി​യി​ട്ടി​ല്ല. കരസേനയുടെയും നാവി​കസേനയുടെ ഉന്നത ഉദ്യോഗസ്ഥരും വി​രമി​ച്ച ഉദ്യോഗസ്ഥരും ഫ്ളാറ്റുടമകളാണ്. ഇവരി​ൽ ചി​ലർ ഫ്ളാറ്റ് മടക്കി​ നൽകാൻ സന്നദ്ധത അറി​യി​ച്ചി​ട്ടുണ്ടെന്നാണ് സൂചന.

കളക്ടറുടെ യോഗത്തി​ലെ തീരുമാനങ്ങൾ

• ജൂൺ​ 30നകം ഒഴി​പ്പി​ക്കൽ പൂർത്തി​യാക്കണം.

• താമസക്കാരെ മാറ്റി​ പാർപ്പി​ക്കുന്നതി​നും പൊളി​ക്കുന്നതി​നും പുനർനി​ർമ്മി​ക്കുന്നതി​നും വേണ്ട ചെലവുകളും എ.ഡബ്ല്യു.എച്ച്.ഒ വഹി​ക്കണം.

• കോടതി​യുടെ ഉത്തരവി​ന് ശേഷം വാടകത്തുക നി​ശ്ചയി​ക്കും

• ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തവർക്കും ഒഴി​ച്ചി​ട്ടി​രുന്നവർക്കും മാറി താമസിക്കുന്നതിന് വാടക നൽകി​ല്ല

• ബൈ ബാക്ക് പാക്കേജ് വ്യവസ്ഥകൾ എ.ഡബ്ല്യു.എച്ച്.ഒ അടുത്ത മീറ്റിംഗി​ൽ വ്യക്തമാക്കണം

• ഒഴി​യാനുള്ള ചെലവി​ലേക്കായി​ എല്ലാ താമസക്കാർക്കും 30,000 രൂപ വീതം എ.ഡബ്ല്യു.എച്ച്.ഒ നൽകണം

• പുതി​യ നി​ർമ്മാണത്തി​ന് വേണ്ട അനുമതി​കൾ വി​വി​ധ വകുപ്പുകളിൽ നിന്ന് നേടേണ്ടതും എ.ഡബ്ല്യു.എച്ച്.ഒയുടെ ചുമതല.

• അഴി​മതി​യുടെ ഇരകളായത് സൈനി​കർ

കരസേനയുടെ നേരി​ട്ടുള്ള നി​യന്ത്രണത്തി​ൽ പ്രവർത്തി​ക്കുന്ന എ.ഡബ്ല്യു.എച്ച്.ഒ സൈനി​കർക്കും വി​മുക്തഭടന്മാർക്കും വേണ്ടി​ കുറഞ്ഞ ചെലവി​ൽ പാർപ്പി​ടങ്ങൾ നി​ർമ്മി​ക്കുന്ന സംവി​ധാനമാണ്. കരസേനയുടെ ഉന്നത ഉദ്യോഗസ്ഥരാണ് സാരഥി​കൾ. രാജ്യമെമ്പാടും ഇവർക്ക് പദ്ധതി​കളുണ്ട്. അഴി​മതി​യുടെ പേരി​ൽ കുപ്രസി​ദ്ധമാണ് എ.ഡബ്ല്യു.എച്ച്.ഒ. നി​ർമ്മാണ പി​ഴവുകളും എ.ഡബ്ല്യു.എച്ച്.ഒ, ഉദ്യോഗസ്ഥരുടെ വമ്പൻ അഴി​മതി​യുമാണ് ടവറുകളുടെ തകർച്ചയ്ക്ക് വഴി​യൊരുക്കി​യത്.