'എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടയല്ല ദളിതർ'
പരസ്പരം
ബി.എസ്. മാവോജി
മുൻ ചെയർമാൻ
പട്ടികജാതി, പട്ടികവർഗ ഗോത്ര കമ്മിഷൻ
പാലക്കാട് അഗളിയിൽ ആദിവാസി യുവാവിനെ വൈദ്യുതി പോസ്റ്റിൽ പിടിച്ചുകെട്ടി, മൃഗീയമായി മർദ്ദിച്ച സംഭവം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. മാലമോഷണക്കുറ്റം ചുമത്തി, പട്ടികജാതിക്കാരിയായ ബിന്ദുവിനെ പേരൂർക്കട പൊലീസ് 21 മണിക്കൂർ കസ്റ്റഡിയിൽ വച്ച്, തുള്ളിവെള്ളം കൊടുക്കാതെ പീഡിപ്പിച്ചത് വിവാദമായിട്ടും ദിവസങ്ങളേ ആയുള്ളൂ. തൊണ്ടവരണ്ട് വെള്ളം ചോദിച്ചപ്പോൾ മൂത്രപ്പുരയിലേക്ക് ചൂണ്ടുകയാണ് സ്റ്രേഷനിലെ എ.എസ്.ഐ ചെയ്തത്! ഈ സംഭവത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വിഷയം ഒതുത്തീർക്കാനാണ് ശ്രമം. സംസ്ഥാനത്ത് ആദിവാസി-ദളിത് വിഭാഗങ്ങൾക്കു നേരെയുള്ള പീഡനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പട്ടികജാതി, പട്ടികവർഗ ഗോത്ര കമ്മിഷൻ മുൻ ചെയർമാനും, എൻട്രൻസ് കമ്മിഷണറുമായിരുന്ന ബി.എസ്. മാവോജി 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
?പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കൂടുകയാണല്ലോ.
ജനങ്ങളുടെ മനോഭാവം മാറുംവരെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. ഭരണസംവിധാനം ഫലപ്രദമായി പ്രവർത്തിക്കണം. ഉന്നതരുടെ സ്വാധീനത്തിലും പഴുതുകളുണ്ടാക്കിയും ഇത്തരം കേസുകൾ ഒതുക്കാനാണ് ശ്രമം. ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ മൊബൈൽ മോഷണക്കുറ്റം ചുമത്തി പരസ്യവിചാരണ നടത്തിയ പൊലീസിനെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. സർക്കാരിന്റെ ആത്മാർത്ഥതക്കുറവാണ് ഇതൊക്കെ വെളിവാക്കുന്നത്.
? പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം ഫലപ്രദമല്ലേ.
അത്തരത്തിൽ നിയമം ഉണ്ടാക്കിയത് അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാനാണ്. അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ നടപടിയും ശിക്ഷയും ഉണ്ടായാലേ നിയമം പലപ്രദമാവൂ. പട്ടിക വിഭാഗങ്ങൾക്കെതിരായ കേസുകൾ പൊലീസ് ലഘുവായെടുക്കുന്നു. പലരീതിയിലും സ്വാധീനിക്കപ്പെടുന്നു. രാഷ്ട്രീയക്കാർക്കും പട്ടിക വിഭാഗങ്ങളുടെ കാര്യത്തിൽ താത്പര്യമില്ല. മറ്റുള്ളവരെ സംരക്ഷിക്കാനാണ് തിടുക്കം.
?സമൂഹത്തിലെ ജാതി വേർതിരിവ് ഇതിനെല്ലാം കാരണമല്ലേ.
പൊലീസിൽ 50 ശതമാനത്തിലധികം മുന്നാക്കക്കാരാണ്. വിവേചനം അവരുടെ മനസിൽ അലിഞ്ഞുചേർന്നതാണ്. പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലുമെല്ലാം ഉദ്യോഗസ്ഥരുടെ മനോഭാവം ഇതാണ്. വളരെക്കുറച്ചു പേരേ ന്യായം നോക്കി പ്രവർത്തിക്കുന്നുള്ളൂ. ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവരായാണ് പലപ്പോഴും പട്ടിക വിഭാഗക്കാരെ കാണുന്നത്. ജാതീയമായ വേർതിരിവ് പട്ടിക വിഭാഗക്കാർക്കെതിരെയാണ് കൂടുതൽ. ദേശീയ തലത്തിൽ ഗവ. സെക്രട്ടറിമാരിൽ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരായ ബ്രാഹ്മണരാണ്. ഹയർ ജുഡിഷ്യറിയിലും ഇതാണ് സ്ഥിതി. കേന്ദ്രത്തിൽ പ്രൊമോഷനല്ല, സെലക്ഷനാണ്. അതുകൊണ്ടാണ് ഈ സ്ഥിതി.
? കേരളത്തിൽ പട്ടികജാതിയിൽ നിന്ന് മന്ത്രിയില്ലാത്തത് വിവാദമാണല്ലോ.
പ്രായോഗിക ഭരണപരിചയം കുറവുള്ള പട്ടികവർഗക്കാരനാണ് മന്ത്രി. പട്ടിക വിഭാഗത്തിൽ യോഗ്യതയുള്ളവർ ആയിരക്കണക്കിനുണ്ട്. പിന്നെന്തിന് പരിചയമില്ലാത്തവരെ ഈ സ്ഥാനങ്ങളിൽ നിയോഗിക്കുന്നു? യോഗ്യതയുള്ളവരെയും ഫലപ്രദമായി കാര്യങ്ങൾ ചെയ്യുന്നവരെയും മന:പൂർവം ഒഴിവാക്കുന്നു.
?പട്ടികവിഭാഗക്കാരുടെ കാര്യത്തിലും സർക്കാർ കാര്യം മുറപോലെയാണോ.
ഞാൻ പട്ടികവിഭാഗ കമ്മിഷൻ അദ്ധ്യക്ഷനായിരിക്കെ നടന്ന രണ്ടു സംഭവങ്ങൾ പറയാം. ഇന്റർകാസ്റ്റ് വിവാഹത്തിന് ആനുകൂല്യം നൽകുന്നതിന് ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്ന് ഉത്തരവുണ്ടായി. ഇത്തരം സഹായത്തിന് സാമ്പത്തികം പരിഗണിക്കാൻ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി ഉത്തരവ് ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിട്ടും ഉദ്യോഗസ്ഥർ ചെയ്തില്ല. മന്ത്രിക്കു പോലും താത്പര്യമില്ലായിരുന്നു. എൻട്രൻസ് പരിശീലനത്തിന് പട്ടികവിഭാഗക്കാർക്ക് ഫീസ് സർക്കാർ നൽകും. ഇതിൽ മാത്തമറ്റിക്സിന് എ ഗ്രേഡ് വേണമെന്ന വ്യവസ്ഥ എഴുതിവച്ചു. മെഡിക്കൽ കോഴ്സുകളിൽ താത്പര്യമുള്ളവർക്ക് മാത്തമറ്റിക്സിന് മാർക്ക് കുറവായിരിക്കും. പലവട്ടം നിർദ്ദേശിച്ചും അതും ഒഴിവാക്കിയില്ല. ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ദളിത് വിരുദ്ധ മനോഭാവമുള്ളവരാണ്.
?പട്ടിക വിഭാഗങ്ങൾക്കു മാത്രമായുള്ള കമ്മിഷൻ ഫലപ്രദമല്ലേ.
പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമപ്രകാരം കർശനമായ നടപടികളെടുത്ത് കാണിച്ചാലല്ലേ അതിക്രമം ഇല്ലാതാവൂ. ഇതൊന്നും ഇപ്പോൾ നടക്കുന്നില്ല. രാഷ്ട്രീയക്കാരും മറ്റുള്ളവരും ഇടപെട്ട് എഫ്.ഐ.ആർ എടുപ്പിക്കാതിരിക്കും. ഇതിലൊന്നും കമ്മിഷൻ ഇടപെടുന്നില്ല. കമ്മിഷന് വിലയുണ്ടാവുന്നത് എടുക്കുന്ന നടപടിയുടെ അടിസ്ഥാനത്തിലാണ്. കമ്മിഷന് ശക്തമായി ഇടപെടാനാവുന്നതാണ്. സ്ഥലത്തു പോയി പരിശോധിച്ച് ആശ്വാസ നടപടികളെടുപ്പിക്കാനാണ് കമ്മിഷൻ. നിയമവശങ്ങളെക്കുറിച്ചടക്കം പട്ടിക വിഭാഗക്കാരെ ബോധവത്കരിക്കണം. മനുഷ്യാവകാശ കമ്മിഷൻ മാത്രമാണ് ഇപ്പോൾ ആശ്രയം.
? സർക്കാർ വകുപ്പുകളിൽ പട്ടികവിഭാഗ പ്രാതിനിദ്ധ്യം കുറയുകയാണോ.
വകുപ്പുകളിലെ പട്ടിക വിഭാഗ പ്രാതിനിദ്ധ്യം പരിശോധിക്കാൻ മാത്രമായി സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെല്ലുണ്ടായിരുന്നു. അത് പിരിച്ചുവിട്ടു. എല്ലാ വിഭാഗത്തിനും ചേർത്ത് ഒറ്റ സെല്ലാക്കി. അവർ പരിശോധിക്കുമായിരിക്കും. എന്നാൽ സമയത്ത് റിവ്യു നടക്കുന്നില്ല. വേക്കൻസി അറിയാതിരിക്കും. വിജ്ഞാപമിറക്കില്ല, ജോലിയുമില്ല. സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടക്കുകയുമില്ല.
? പട്ടിക വിഭാഗക്കാരോട് പെരുമാറാൻ പൊലീസിന് പരിശീലനം നൽകേണ്ടതുണ്ടോ.
പൊലീസിന് എത്ര പരിശീലനം നൽകിയാലും ഇതുതന്നെ സ്ഥിതി. തങ്ങളുടെ ജോലി പാവങ്ങളെ സഹായിക്കലാണെന്ന് അവർക്ക് ബോദ്ധ്യമുണ്ടാവണം. ദളിതരോട് പറയുന്നത് കോടതിയിൽ പോവാനാണ്. പണമില്ലാത്തവരാണ് സ്റ്റേഷനിൽ ചെല്ലുന്നത്. അവർക്ക് നീതി കൊടുക്കാനല്ലെങ്കിൽ ഈ സംവിധാനമെന്തിന് ?
? ബിന്ദുവിനോട് ക്രൂരമായല്ലേ പൊലീസ് പെരുമാറിയത്.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് പേരൂർക്കട സ്റ്റേഷനിലുണ്ടായത്. പട്ടികവിഭാഗക്കാർക്ക് യാതൊരു അവകാശവുമില്ലെന്ന് ധരിച്ചവരാണ് ആ സ്റ്റേഷനിലുള്ളത്. പണമുള്ളവർ പറയുന്നത് ശരിയെന്ന് ആദ്യമേ ഉറപ്പിക്കും. ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ തലയിൽ കുറ്റങ്ങൾ കെട്ടിവച്ച് കാശുള്ളവരെ തൃപ്തിപ്പെടുത്തും.
? ഇക്കാര്യത്തിൽ കർശന നടപടികൾ ഉണ്ടാവേണ്ടതല്ലേ.
ഉന്നത ഉദ്യോഗസ്ഥർ എല്ലാ വശങ്ങളും പരിശോധിച്ച് കർശന നടപടിയെടുക്കണം. പൊലീസ് യൂണിഫോമിന്റെ പ്രസക്തി ജനത്തെ ബോദ്ധ്യപ്പെടുത്തണം. ഇനിയുണ്ടാവുന്ന ഇത്തരം പരാതികളിൽ പ്രാഥമിക അന്വേഷണമില്ലാതെ നടപടിയെടുക്കരുത്. ഡി.ജി.പി മുതൽ താഴേയ്ക്കുള്ളവർ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചാലേ സംവിധാനം ഫലപ്രദമാവൂ. ജനങ്ങൾക്ക് നീതി ലഭിക്കണമെന്ന് പൊലീസിന് തോന്നണം. ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ ജനങ്ങൾ സംഘിടിച്ച് ഓഫീസുകൾ വളയും. എല്ലാവർക്കു കൊട്ടാവുന്ന ചെണ്ടയല്ല ദളിതർ.