തായ്പേയ് വേൾ‌‌ഡ് മാസ്‌റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ  മലയാളിക്ക്  സ്വർണം

Thursday 29 May 2025 12:13 AM IST
കണ്ണൻ

കെ.കെ. രത്‌നൻ വൈപ്പിൻ: ചൈനീസ് തായ്‌പേയിൽ (തായ്‌വാൻ) നടന്ന വേൾഡ് മാസ്‌റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി (60 കിലോ വിഭാഗത്തിൽ, 40 വയസ്) സ്വർണ മെഡൽ നേടി മലയാളി. ചെറായി പാലത്തിങ്കൽ ഹരിഹരന്റെയും മണിയുടെയും മകനായ കണ്ണനാണ് ഈ നേട്ടം കൈവരിച്ചത്. ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടുവിന് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി.പി.ഇയിൽ നിന്ന് 3 വർഷത്തെ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ പഠിക്കുമ്പോഴാണ് ജൂഡോയുടെ അടിസ്ഥാനപാഠങ്ങൾ കണ്ണൻ പഠിച്ചത്. ഒന്നാം റാങ്കോടെ ആ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മത്സര രംഗത്തേക്കിറങ്ങി. അതിനിടെ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷനിൽ എം.പി.എഡ് നേടി. കായികാദ്ധ്യാപകനായി പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ ജോലി ചെയ്യുകയും കുട്ടികളെ ദേശീയതല ജൂഡോ മത്സരങ്ങളിൽ മെഡൽ നേട്ടത്തിന് പ്രാപ്തരാക്കുകയും ചെയ്തു. എറണാകുളത്ത് നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ, ഗോവയിൽ നടന്ന നാഷണൽ മാസ്‌റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി 60കിലോ വിഭാഗത്തിൽ സ്വർണ മെഡൽ എന്നീ നേട്ടങ്ങളും കണ്ണൻ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ ആണ്. ഡോ. അബിത ഭാര്യയും അഥർവ്, ദ്രാവിഡ് എന്നിവർ മക്കളുമാണ്.