പാർക്കുകളുടെ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം: മന്ത്രി പി.രാജീവ്
തിരുവനന്തപുരം: വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പി.രാജീവ്. പലതരത്തിലുള്ള വാഹനങ്ങൾക്ക് പാർക്കിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിനുള്ള സൗകര്യം കൂടി ഉള്ളയിടത്തായിരിക്കണം പാർക്കുകൾ വികസിപ്പിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തോന്നയ്ക്കലിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോന്നയ്ക്കലിൽ 2011ൽ ഗ്ലോബൽ ആയുർവേദ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോൾ മിനി ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ ഒരിടത്തും വികസിപ്പിച്ച ഭൂമി അനുവദിക്കപ്പെടാതെ അവശേഷിക്കുന്നില്ല. ചില സ്ഥലങ്ങളിൽ കേസുകൾ നിലനിൽക്കുന്നതാണ് ഭൂമി അനുവദിക്കുന്നതിന് തടസമായിട്ടുള്ളത്. അദാലത്ത് നടത്തി കേസുകൾ തീർപ്പാക്കി ആ ഭൂമിയും സംരംഭകർക്ക് കൈമാറ്റം ചെയ്യാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഇൻഡസ്ട്രിയൽ പാർക്കിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഹരിപ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. അജിത് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം വി. അജികുമാർ എന്നിവർ പങ്കെടുത്തു.