ഒ.ടി.എയുമായി ധാരണാപത്രം ഒപ്പുവച്ച് എസ്.ആർ.എം.ഐ.എസ്.ടി
ചെന്നൈ: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി (ഒ.ടി.എ)യുമായി ധാരണാപത്രം ഒപ്പുവച്ച് എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി (എസ്.ആർ.എം.ഐ.എസ്.ടി). ഓഫീസർ കേഡറ്റുകൾക്ക് വിവര സാങ്കേതിക വിദ്യ, സൈബർ സുരക്ഷ തുടങ്ങിയവയിൽ ട്രെയിനിംഗ് നൽകുകയാണ് ലക്ഷ്യം. ധാരണാപത്രം പ്രകാരം വർഷംതോറും 500 കേഡറ്റുകൾക്ക് എസ്.ആർ.എം.ഐ.എസ്.ടി ട്രെയിനിംഗ് നൽകും. ചെന്നൈ ഒ.ടി.എയിൽ നടന്ന ചടങ്ങിൽ ഒ.ടി.എ കമ്മാൻഡന്റ് ലഫ്.ജന. ഫെർണാണ്ടസും എസ്.ആർ.എം.ഐ.എസ്.ടി വൈസ് ചാൻസലർ പ്രൊഫ.ഡോ.സി മുത്തമിഴ്സെൽവനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എസ്.ആർ.എം.ഐ.എസ്.ടി രജിസ്ട്രാർ പ്രൊഫ.ഡോ. പൊന്നുസാമി, ഡിഫൻസ് സ്റ്റഡീസ് വിഭാഗം പ്രൊഫസർ നെടുംചെഴിയൻ തുടങ്ങിയവർ സാക്ഷ്യംവഹിച്ചു.