പ്രതിരോധ ഓഹരികളിൽ കുതിച്ചുചാട്ടം
കൊച്ചി: തുടർച്ചയായ ആറാംദിനവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഓഹരിവിപണിയിൽ പ്രതിരോധ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റിയിൽ ഡിഫൻസ് ഇൻഡക്സ് 1 ശതമാനത്തോളം ഉയർന്ന് 8715ന് മുകളിലായി. യൂണിമെക് എയ്റോസ്പേസ് ആൻഡ് മാനുഫാക്ചറിംഗ് ആണ് പ്രതിരോധ ഓഹരികളിൽ ഏറ്റവും നേട്ടം കൊയ്തത്. കമ്പനിയുടെ ഓഹരി 10 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യൂട്ട് 1179.50രൂപയിലെത്തി. കമ്പനിയുടെ നാലാംപാദ ഫലത്തിൽ അറ്റാദായം 48ശതമാനം കുതിച്ചുയർന്ന് 29.20 കോടി ആയതിന് പിന്നാലെയാണിത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ ഓഹരിവിപണിയിൽ പ്രതിരോധ ഓഹരികൾക്ക് ഡിമാൻഡ് കൂടുകയാണ്. മേക്ക്-ഇന്ത്യയ്ക്ക് അനുകൂലമായതും കയറ്റുമതി താത്പര്യം വർദ്ധിച്ചതും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ മൂലധനമൊഴുക്കും പ്രതിരോധ ഓഹരികൾക്ക് പിന്തുണയേകുന്നുണ്ട്. അതേസമയം, പ്രതിരോധ ഓഹരികളുടെ വില കുതിച്ചുയരുന്നത് താത്കാലികമാണെന്നും നിക്ഷേപകർക്ക് ലാഭം ലഭിക്കാനുള്ള സാദ്ധ്യത കുറഞ്ഞേക്കാമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, പ്രതിരോധ ഓഹരികളിലെ ദീർഘകാല നിക്ഷേപം ലാഭം നേടിത്തരുമെന്നും ഇവർ പറയുന്നു.