കേന്ദ്രത്തോട് വീണ്ടും കേരളം , കാടിറങ്ങുന്ന വന്യജീവികളെ കൊന്നേപറ്റൂ
തിരുവനന്തപുരം: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഈ നീക്കത്തിന് അനുമതി കിട്ടാനുള്ള സാദ്ധ്യത പരിമിതമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യം നേരത്തെ തന്നെ കേന്ദ്രം തള്ളിയതാണ്.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നേരത്തേ തള്ളിയിരുന്നു. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ, നിയമത്തിലെ ഉപാധികൾ പാലിക്കാതെ കൊല്ലാൻ കഴിയും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. കടുവ, കാട്ടാന തുടങ്ങിയ വന്യജീവികൾ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നവയും. അതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമ നിർമ്മാണം അസാദ്ധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
കൊല്ലാൻ കടമ്പകൾ ഏറെ
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം. പക്ഷേ, വന്യജീവി ജനവാസകേന്ദ്രത്തിലാണെന്നും അപകടകാരിയാണെന്നും ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ലഭിക്കണം. ഇതിന് കാലതാമസമെടുക്കും.
സിആർപിസി 133-1-എഫ് പ്രകാരം കളക്ടർക്ക് ശല്യകാരിയായ ജീവിയെ കൊല്ലാൻ ഉത്തരവിടാം. പക്ഷേ, കളക്ടറുടെ ഉത്തരവ് വന്യജീവിസംരക്ഷണനിയമത്തിന് വിരുദ്ധമാവും. കളക്ടർ ഉത്തരവിട്ടാലും വൈൽഡ് ലൈഫ് വാർഡന്റെയും അനുമതി വേണ്ടിവരും.
വന്യമൃഗ സംഘർഷത്തിലെ മരണങ്ങൾ
(2025 ജനുവരി 31 വരെയുള്ള കണക്ക്)
വർഷം ---- കടുവ---- കാട്ടാന----- കാട്ടുപോത്ത്---- കാട്ടുപന്നി---- പാമ്പ്------ ആകെ
2020-21 ---- 1 ----------- 27 ------------- 0 ----------------------- 8 ------------------- 52 ----------- 88
2021-22 ---- 1 ------------ 35 ------------- 3 --------------------- 6 ------------------- 65 ----------- 110
2022-23 ---- 1 ----------- 27 ------------- 1 --------------------- 7 -------------------- 48 ----------- 84
2023-24 ---- 1 ----------- 22 -------------- 4 -------------------- 11-------------------- 34 ----------- 72
2024-25 ---- 1 ----------- 12 --------------- 0 ------------------- 8 ------------------- 31 ------------ 52
കേന്ദ്രാനുമതി തേടുന്നത്
പഞ്ചായത്തുകൾക്ക് കൊല്ലാൻ
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും പുറപ്പെടുവിക്കാം. സമാനമായ രീതിയിൽ കുരങ്ങുകൾ, മുള്ളൻപന്നി തുടങ്ങിയവ അടക്കമുള്ളവയെ കൊല്ലാനാണ് കേന്ദ്രാനുമതി തേടുക.
അപകടകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും ജനനനിയന്ത്രണത്തിനും സംസ്ഥാനത്തിന് അധികാരം ലഭിക്കുന്ന തരത്തിൽ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. എ.ജിയുമായും നിയമസെക്രട്ടറിയുമായും കൂടിയാലോചിച്ച് നിയമഭേദഗതിക്ക് നിർദ്ദേശം തയ്യാറാക്കാൻ വനം അഡി.ചീഫ്സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് നേരത്തേ നിയമോപദേശം കിട്ടിയിരുന്നത്. എന്നാൽ 42-ാം ഭരണഘടനാഭേദഗതി പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള സമാവർത്തിപട്ടികയിലുള്ള വിഷയമായതിനാൽ ഭേദഗതിയാവാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.