സിദ്ധാർത്ഥ് കേസ്: പ്രതികളെ പുറത്താക്കിയത് ശരിവച്ചു, തിരിച്ചെടുത്ത സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച കേസിൽ പ്രതികളായ 19 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയതും ഡീബാർ ചെയ്തതും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. നടപടി റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സിദ്ധാർത്ഥിന്റെ അമ്മ എം.ആർ. ഷീബ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി.
ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോർട്ടിന് വിധേയമായി പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയ 2024 ഡിസംബറിലെ സിംഗിൾബെഞ്ച് ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. 2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ സർവകലാശാലാ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിംഗിന്റെ ഭാഗമായി ക്രൂര മർദ്ദനത്തിന് ഇരയായ സിദ്ധാർത്ഥ് ജീവനൊടുക്കിയെന്നാണ് കേസ്. പ്രതികളായ 19 പേരെയും 2024 മാർച്ച് ഒന്നിന് കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ ഏതാനും വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. പ്രതികളായ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടില്ലെങ്കിലും മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാൻ സിംഗിൾബെഞ്ച് അനുവദിച്ചതിനെ ചോദ്യംചെയ്തായിരുന്നു അപ്പീൽ.
അപ്പീൽ പരിഗണനയിലിരിക്കേ ആന്റി റാഗിംഗ് സ്‌ക്വാഡ് മാർച്ച് 28ന് നൽകിയ രണ്ടാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 19 പേരെയും വെറ്ററിനറി സർവകലാശാല പുറത്താക്കിയിരുന്നു. മറ്റ് സ്ഥാപനങ്ങളിൽ പഠനം തുടരുന്നതിൽ നിന്ന് യു.ജി.സി ചട്ടപ്രകാരം മൂന്നു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.