ദേശീയ ഗെയിംസ് മെഡൽ ജേതാവിന് നിയമനം, ഡഫേദാർ തസ്തികകൾ ഓഫീസ് അറ്റൻഡന്റ് ആക്കി

Thursday 29 May 2025 12:00 AM IST

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്‌ബിയിൽ വെങ്കലമെഡൽ നേടിയ ഹരിശ്രീ എം. ന് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിന്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പി.എസ്.സിയിൽ നിലവിലുള്ള 21 ഡഫേദാർ തസ്തികകൾ ഓഫീസ് അറ്റൻഡന്റ് തസ്തികകളാക്കും. നിലവിൽ ഡഫേദാർ തസ്തികയിലുള്ള 8 പേരുടെ ശമ്പളം സംരക്ഷിക്കും.

ഹൈക്കോടതി ഗവ.പ്ലീഡറായ അഡ്വ. എം. രാജീവിന് പുനർനിയമനം നൽകും.

വനിത വികസന കോർപ്പറേഷനിൽ മാനേജിംഗ് ഡയറക്ടറായ വി.സി. ബിന്ദുവിന് പുനർനിയമനം നൽകും.

ഹോംകോയിൽ ഇ.ആർ.പി സോഫ്‌റ്റ്‌വെയർ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് 2 ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും.

ഹൈക്കോടതിയിലെ കണ്ടം ചെയ്ത 14 വാഹനങ്ങൾക്ക് പകരമായി 5 പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.

ക്ഷീര വികസന വകുപ്പിന് കീഴിലുള്ള വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിലെ 14 സീനിയർ കാഷ്വൽ തൊഴിലാളികളെ പുനരധിവാസത്തിനായി സ്ഥിരപ്പെടുത്തിയ നടപടി സാധൂകരിച്ചു.

കണ്ണൂർ കാനത്തൂറിൽ ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ കൈവശമുള്ള 3 സെന്റ് അന്തരിച്ച സി.കണ്ണന്റെ സ്മരണാർത്ഥം പ്രതിമ സ്ഥാപിക്കുന്നതിന് കണ്ണൂർ ബീഡിത്തൊഴിലാളി യൂണിയൻ പാട്ടത്തുക ഇളവ് ചെയ്ത് 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.