കേരള സർവോദയ മണ്ഡലം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു
പന്തളം : കേരളഗാന്ധി സ്മാരകനിധിയുടെ കൊടുമണ്ണിലെ കേന്ദ്രത്തെ തകർക്കാനായി ചില ഉദ്യോഗസ്ഥർ നടത്തുന്ന നീക്കത്തിൽ കേരള സർവോദയ മണ്ഡലം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സർക്കാരിൽ നിന്ന് കേരള ഗാന്ധി സ്മാരക നിധിക്ക് ഉപഭോക്താക്കൾക്ക് റിബേറ്റ് നൽകിയ ഇനത്തിൽ രണ്ടുകോടി രൂപ അനുവദിച്ച് നൽകാനുള്ളത് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഗാന്ധി സ്മാരകനിധിയുടെ ഉൽപ്പാദന കേന്ദ്രത്തിലെ തൊഴിലാളികളെ പലവിധ വാഗ്ദാനങ്ങൾ നൽകി സ്ഥാപനത്തിൽ നിന്ന് അടർത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. കൊടുമണ്ണിലുള്ള കുപ്പടം മുണ്ട് നെയ്ത്ത് കേന്ദ്രത്തിലെ വിദഗ്ദ്ധരായ തൊഴിലാളികളെ അവിടെ നിന്ന് മാറ്റി തൊട്ടടുത്തുള്ള കെട്ടിടത്തിൽ നെയ്ത്തുകട തുടങ്ങുവാൻ ഖാദി ബോർഡ് ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ 55 വർഷത്തോളമായി കൊടുമണ്ണിൽ പ്രവർത്തിക്കുന്ന ഗാന്ധിയൻ സ്ഥാപനം നശിപ്പിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് കെ.പി.ചന്ദ്രശേഖരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.