മഴക്കെടുതി : 124 വീടുകൾക്ക് നാശം
പത്തനംതിട്ട : ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ ഓരോ വീട് പൂർണമായി തകർന്നു. ആറ് താലൂക്കിലായി 124 വീടുകൾ ഭാഗികമായും തകർന്നു. മല്ലപ്പള്ളി, കോന്നി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഇന്നലെ പകൽ മഴയ്ക്ക് ശമനമുണ്ടായി. മൂഴിയാർ ഡാമിന്റെ തുറന്ന ഷട്ടർ അടച്ചു. മണിമലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്ന സ്ഥിതി തുടരുന്നു.
വീടുകൾക്ക് നാശം താലൂക്ക് അടിസ്ഥാനത്തിൽ:
തിരുവല്ല : 37, റാന്നി : 30, കോന്നി : 18, അടൂർ : 18, മല്ലപ്പള്ളി : 14, കോഴഞ്ചേരി : 7.
കെ.എസ്.ഇ.ബിക്ക് 36.80 ലക്ഷം നഷ്ടം
ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്കും കനത്ത നഷ്ടമുണ്ടായി. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 36.80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. പത്തനംതിട്ട സെക്ഷന് കീഴിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് (18.61 ലക്ഷം). മരങ്ങൾ വീണ് 48 ഹൈടെൻഷൻ പോസ്റ്റും 393 ലോടെൻഷൻ പോസ്റ്റും തകർന്നു. 356 ട്രാൻസ്‌ഫോർമറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാദ്ധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ കൺട്രോൾ റൂമിൽ അറിയിക്കണം. ഫോൺ : 9446009451.
1.91 കോടിയുടെ കൃഷിനാശം
ജില്ലയിൽ 1.91 കോടി രൂപയുടെ കൃഷി നാശം. 73.04 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. 1138 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. അടൂർ ബ്ലോക്കിലാണ് കൂടുതൽ നാശം. 242 കർഷകർക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ട ബ്ലോക്കിൽ 241 കർഷകരുടെ 5.14 ഹെക്ടർ സ്ഥലത്ത് 17.80 ലക്ഷം, റാന്നി ബ്ലോക്കിൽ 232 കർഷകരുടെ 35.07 ഹെക്ടർ സ്ഥലത്ത് 23.56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കോന്നി, മല്ലപ്പള്ളി, പന്തളം, പുല്ലാട്, തിരുവല്ല ബ്ലോക്കുകളിലെ 423 കർഷകരുടെ 16.95 ഹെക്ടർ സ്ഥലത്തെ വിളകളാണ് മഴയിലും കാറ്റിലും നശിച്ചത്.