നിലമ്പൂരിൽ എൽ.ഡി.എഫിനെതിരെ മഴവിൽ സഖ്യം: എം.വി. ഗോവിന്ദൻ
ആലുവ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ യു.ഡി.എഫ്, ബി.ജെ.പി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവ ഉൾപ്പെടുന്ന മഴവിൽ സഖ്യമാണ് തെളിഞ്ഞുവരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആലുവ പാലസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകയാണ് യു.ഡി.എഫ് പിന്തുടരാൻ ശ്രമിക്കുന്നത്. മഴവിൽ സഖ്യത്തിലുള്ള എല്ലാവരുടെയും പൊതുശത്രു സി.പി.എമ്മാണ്. കോൺഗ്രസ് - ബി.ജെ.പി അന്തർധാര ശക്തമാണ്. അതിനാലാണ് നിലമ്പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്താത്തത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് രണ്ടുമാസം മുമ്പ് താനുമായി വയനാട്ടിൽ കൂടിക്കാഴ്ച നടത്തിയെന്ന പി.വി. അൻവറിന്റെ ആരോപണം അസംബന്ധമാണ്. നിലമ്പൂരിൽ എൽ.ഡി.എഫ് ഉജ്ജ്വലവിജയം നേടും. 30ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
മൂന്നാം പിണറായി സർക്കാർ വരും. അത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വിജയിക്കുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു. ജില്ലാ സെക്രട്ടറി എസ്. സതീഷും ഗോവിന്ദനൊപ്പം ഉണ്ടായിരുന്നു.