സ്വതന്ത്രനെ തേടി ബി.ജെ.പി? ഡി.സി.സി ജന. സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി എം.ടി. രമേശ്

Thursday 29 May 2025 12:21 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എൻ.ഡി.എ തീരുമാനം നീളുന്നതിനിടെ മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബീനാ ജോസഫുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ചൊവ്വാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയുടെ വിവരം ഇന്നലെ പുറത്തുവന്നതോടെ നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ബീനയെ മത്സരിപ്പിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി അഭ്യൂഹം പരന്നു. എന്നാൽ, നേതാക്കൾ ഇത് നിഷേധിച്ചു.

അഭിഭാഷക എന്ന നിലയിൽ ഒരു കേസുമായി ബന്ധപ്പെട്ടാണ് എം.ടി.രമേശ് ഓഫീസിൽ കാണാൻ വന്നതെന്ന് ബീനാ ജോസഫ് പ്രതികരിച്ചു. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു. സ്ഥാനാർത്ഥിയാവാൻ താല്പര്യമില്ല. സ്ഥാനാർത്ഥി വിഷയത്തിൽ ബി.ജെ.പിയുമായി ചർച്ചയ്ക്ക് പോകില്ല. അവർ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ലെന്നും ബീന പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിയായ ഒരാളെ എങ്ങനെ ബി.ജെ.പി സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന് എം.ടി.രമേശ് ചോദിച്ചു.

പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശൻ വിളിപ്പിച്ചതനുസരിച്ചാണ് നിലമ്പൂരിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാൻ സതീശൻ ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു. മഞ്ചേരി നഗരസഭ കൗൺസിലറാണ് ബീനാ ജോസഫ്. ഒന്നര വർഷം മഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സണുമായിരുന്നു. നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കര മണിമൂളി സ്വദേശിയാണ്.