കലാകായിക പ്രചാരണത്തിന് ക്യാമ്പസുകൾ സജീവമാകണം: കെ.എൻ.ബാലഗോപാൽ
കൊല്ലം: കലാ - കായിക പ്രവർത്തനങ്ങൾ മനുഷ്യന് പകരം വയ്ക്കാനാകാത്ത ശേഷിയാണെന്നും അതിന്റെ പ്രചാരണത്തിന് ക്യാമ്പസുകൾ സജീവമാകണമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. കേരള സർവകലാശാല യുവജനോത്സവം പ്രധാനവേദിയായ കൊല്ലം എസ്.എൻ കോളേജിലെ ഒ.എൻ.വി നഗറിൽ ഉദ്ഘാടനം നിവഹിക്കുകയായിരുന്നു അദ്ദേഹം. യുവജനോത്സവം ഉത്സവമാക്കുന്ന നാടാണ് കേരളം. എന്നാൽ ആദ്യമായിട്ടായിരിക്കും യൂണിവേഴ്സിറ്റി യൂണിയന്റെ യുവജനോത്സവം കോളേജ് അടഞ്ഞുകിടക്കുന്ന ഘട്ടത്തിൽ നടത്തേണ്ടി വരുന്നത്. ഇത്തരത്തിൽ യുവജനോത്സവം നടത്തേണ്ടി വന്നു എന്നുള്ളത് വിദ്യാഭ്യാസ മേഖല ഇന്ന് അതിന്റെ ജനാധിപത്യ സ്വഭാവത്തിലും വിദ്യാർത്ഥികളുടെ സംഘടനാ പ്രവർത്തനത്തിനും കലാപ്രവർത്തനത്തിനും മേൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ വെളിവാക്കുന്നതാണ്. ഗ്രേസ് മാർക്ക് വിദ്യാർത്ഥികളുടെ അവകാശമാണ്. എന്ത് സാങ്കേതികത പറഞ്ഞാലും ക്യാമ്പസുകളിലെ യുവജനോത്സവവും യൂണിയൻ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നില്ലെന്നുള്ളത് കേരളത്തിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാല യൂണിയൻ ചെയർമാൻ എസ്.അശ്വിൻ അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എം.നൗഷാദ് എം.എൽ.എ, കൊല്ലം മേയർ ഹണി ബെഞ്ചമിൻ, സിൻഡിക്കേറ്റ് അംഗം അഡ്വ.ജി മുരളീധരൻ, ഡി.എസ്.എസ് അംഗം ആർ.സിദ്ദിഖ്, സംഘാടകസമിതി ജനറൽ കൺവീനർ ആർ.ഗോപികൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യു.എസ്.നിത്യ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കാർത്തിക് ആനന്ദ്, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കെ.വി.ഗോവിന്ദ് എന്നിവർ സംസാരിച്ചു.