കേരളത്തിലെ കടലിനടിയില്‍ ക്രൂഡ് ഓയില്‍ ഒഴുകി; ഈ ജില്ലയില്‍ മുങ്ങിത്താണത് രണ്ട് കപ്പലുകള്‍

Thursday 29 May 2025 12:55 AM IST

വിഴിഞ്ഞം: എം.എസ്.സി എല്‍സയ്ക്ക് മുമ്പും കേരളത്തിന്റെ കടലില്‍ മുങ്ങിത്താണ കപ്പലുകളില്‍ രണ്ടെണ്ണം തിരുവനന്തപുരത്തിന്റെ കടലിനടിത്തട്ടിലുണ്ട്. 1754 ജനുവരിയില്‍ വര്‍ക്കല ഭാഗത്ത് 43 മീറ്റര്‍ ആഴത്തില്‍ മുങ്ങിയ വിമ്മേനും എന്ന ഡച്ച് കപ്പലിന്റെ സ്ഥാനം പില്‍ക്കാലത്ത് അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളായ സുക്കൂറച്ഛന്‍ എന്ന സെബാസ്റ്റ്യനാണ് കണ്ടുപിടിച്ചത്. പിന്നീടതിനെ അഞ്ചുതെങ്ങ് കപ്പല്‍പാര് എന്നറിയപ്പെട്ടു.

2015 ജനുവരിയില്‍ റോബര്‍ട്ട് പനിപ്പിള്ളയുടെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ് ഒഫ് മറൈന്‍ ലൈഫിന്റെ സ്‌കൂബാ ഡൈവര്‍മാര്‍ കടലിനടിയില്‍ നിന്നും അതിന്റെ ചിത്രം ആദ്യമായി പകര്‍ത്തി. വര്‍ക്കല ജഗന്നാഥസ്വാമി ക്ഷേത്രത്തിലെ ഡച്ചു മണിയാണ് ആ ചരിത്രത്തിലേക്കുള്ള വഴിതെളിച്ചത്.

1968 ആഗസ്റ്റിലാണ് രണ്ടാമത്തെ കപ്പല്‍ കടലിലേക്ക് മുങ്ങിത്താണത്. ക്രൂഡ് ഓയിലുമായി വന്ന ഗ്രീക്ക് കപ്പല്‍ കത്തിയമര്‍ന്ന് ശംഖുംമുഖത്തിനു സമീപം 55 മീറ്റര്‍ ആഴമുള്ള കടലിലേക്ക് മുങ്ങി. വര്‍ഷങ്ങളോളം അവിടെ നിന്നും ക്രൂഡ് ഓയില്‍ കടലില്‍ ഒഴുകിയെന്നാണ് കണക്ക്.

ശംഖുംമുഖം കപ്പല്‍പാരെന്നറിയപ്പെടുന്ന ഗ്രീക്ക് ഓയില്‍ ഷിപ്പിന്റെ സ്ഥാനം കണ്ടുപിടിച്ചത് പൂന്തുറയിലെ തോമസ്,ജോസ് എന്നീ രണ്ട് മത്സ്യത്തൊഴിലാളികളുടെ നീണ്ട കഠിന ശ്രമമാണ്. ഇവരുടെ കഠിന ശ്രമങ്ങളെ പിന്നീട് റോബര്‍ട്ട് പനിപ്പിള്ള എഴുതിയ കടലറിവുകളും നേരനുഭവങ്ങളും എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ ഡോ.ബിജുകുമാറിന്റെ നേതൃത്വത്തില്‍ കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ഡിപ്പാര്‍ട്‌മെന്റ് 2024ല്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിന്റെ ചിത്രം പകര്‍ത്തി.