വെളിനല്ലൂരിൽ നാല് മോഷ്ടാക്കൾ പിടിയിൽ

Thursday 29 May 2025 12:59 AM IST

ഓയൂർ : രാത്രി മുഴുവൻ മോഷണവും പകൽ മോഷണ മുതൽ വിറ്റു കിട്ടുന്ന പൈസ കൊണ്ട് മദ്യപാനവും ആർഭാഢ ജീവിതവും നടത്തുന്ന വെളിനല്ലൂർ സ്വദേശികളായ 4 മോഷ്ടാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിനല്ലൂർ താന്നിമൂട് ചരുവിള പുത്തൻ വീട്ടിൽ ആരോമൽ(24), താന്നിമൂട് അഖിൽ ഭവനിൽ അഖിൽ(23), താന്നിമൂട് ഇന്ദുവിലാസത്തിൽ ചന്തു(23), താന്നിമൂട് മനോജ് വിലാസത്തിൽ മനോജ് (27) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തുടർച്ചയായി മോഷണം നടത്തിവരുന്ന പ്രതികളാണ് പിടിയിലായത്. മോഷ്ടാക്കൾ മൊബൈൽ ഉപയോഗിക്കാതിരുന്നത് ഇവരെ പിടികൂടാൻ വൈകി. ഒടുവിൽ പൂയപ്പള്ളി എസ്.ഐ രജനീഷ് മാധവന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ രജനീഷ് മാധവൻ, സി.പി.ഒമാരായ അൻവർ, റിജു, സാബു, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.